ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് ഒരിക്കലും ഇത്തരത്തിൽ ഒരു അന്ത്യാഞ്ജലി നൽകേണ്ടി വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുളള ഒരു അന്ത്യ യാത്ര. നീണ്ട യാത്രക്ക് ശേഷം കേരളക്കരയെ കണ്ണീരിലാഴ്ത്തി വീണ്ടും അവൻ യാത്രയായി. പിറന്ന മണ്ണിൽ അർജുന് അന്ത്യ വിശ്രമം. കുടുംബാംഗങ്ങളും നാട്ടുകാരും അവസാനമായി അർജുന് അന്ത്യാഞ്ജലി അർപ്പിച്ചു.
അർജുന്റെ മൃതസംസ്കാര ചടങ്ങുകൾ പൂർത്തിയായി. കണ്ണാടിക്കലിലെ സ്വന്തം മണ്ണിൽ ഇനി അവൻ അന്ത്യവിശ്രമം കൊള്ളും. വീട്ടുവളപ്പിലൊരുക്കിയ ചിതയിലായിരുന്നു അർജുന്റെ സംസ്കാരം. ഒമ്പതരയോടെയാണ് കണ്ണാടിക്കലിലെ ‘അമരാവതി’ എന്ന അർജുന്റെ വീടിനരികിലേക്ക് വിലാപയാത്ര എത്തിയത്. നിരവധി ആളുകളാണ് അർജുൻ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്. ഉള്ളുലുച്ച കാഴ്ചയാണ് കണ്ണാടിക്കലിൽ നിന്നും കാണാനായത്.
അർജുന്റെ മൃതദേഹം വഹിച്ചുള്ള ആംബുലൻസിനെ അനുഗമിച്ച് നിരവധി പേർ വിലാപയാത്രയിൽ പങ്കുചേർന്നു. മുദ്രാവാക്യം വിളികളോടെയാണ് അർജുനെ നാട് ഏറ്റുവാങ്ങിയത്. ആദ്യം ബന്ധുക്കള്‍ക്ക് മാത്രം കുറച്ച് സമയം അന്ത്യാഞ്ജലി അർപ്പിക്കാൻ സമയം നൽകി. പിന്നീട് നാട്ടുകാർക്കും അർജുന് ആദരമർപ്പിക്കാനായി പല നാടുകളിൽ നിന്നെത്തിയവർക്കുമായി പൊതുദർശനം ഒരുക്കിയിരുന്നു.
Post a Comment
0 Comments