Type Here to Get Search Results !

Bottom Ad

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി; പി ജയരാജനും ടിവി രാജേഷും വിചാരണ നേരിടണം; ഇരുവരുടെയും ഹര്‍ജികള്‍ തള്ളി


അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎമ്മിന് സിബിഐ കോടതിയില്‍ നിന്നും കനത്ത തിരിച്ചടി. സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ജയരാജനും മുന്‍ എംഎല്‍എ ടിവി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. ഗൂഢാലോചന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ സിബിഐചുമത്തിയിട്ടുള്ളത്. ഇതു നിലനില്‍ക്കുമെന്നും ഇരുവരും വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി.

കൊലപാതകത്തിനായി ഗൂഢാലോചന നടന്നെന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികള്‍ ഉണ്ടെന്നും ജയരാജന്റെയും, ടി വി രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോണ്‍ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്നാരോപിച്ച് ഷുക്കൂറിന്റെ അമ്മ ആതിക്ക നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 34 പ്രതികളുള്ള കേസില്‍ പി ജയരാജന്‍, ടിവി രാജേഷ് എന്നിവര്‍ യഥാക്രമം 33, 34 പ്രതികളാണ്.

കേരളത്തില്‍ വന്‍ കോളിളക്കമുണ്ടാക്കിയ ഒന്നാണ് ഷുക്കൂര്‍ വധം. മുസ്ലീംലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫിന്റെ പ്രാദേശിക പ്രവര്‍ത്തകനായിരുന്ന ഷുക്കൂര്‍ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. പി ജയരാജനും ടി വി രാജേഷുമടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപം പട്ടുവത്ത് വച്ച് തടഞ്ഞ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഈ സംഭവം കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കകമാണ് ചെറുകുന്ന് കീഴറയില്‍ വച്ചാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. അക്രമികള്‍ വയലില്‍ വെച്ച് വിചാരണ നടത്തിയശേഷം കീഴാറയിലെ ഒരു പാടത്തിട്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad