ഷിരൂരിലെ ഗംഗാവലി പുഴയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം കാര്‍വാറിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കി അര്‍ജുന്റേതാണെന്ന് ഉറപ്പുവരുത്താനാണ് തീരുമാനം. മൃതദേഹം അര്‍ജുന്റേതാണെന്ന് ഫലം വന്നാല്‍ രണ്ട് ദിവസത്തിനുള്ളില്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് ജില്ല കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു.
ലോറിയുടെ ക്യാബിനില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. എന്നാല്‍ ലോറിയില്‍ നിന്ന് ലഭിച്ച മൃതദേഹം അര്‍ജുന്റേതാണെന്ന് ഉറപ്പുവരുത്തുന്നതിനായി ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് കാര്‍വാര്‍ എംഎല്‍എ കൂടിയായ സതീഷ്‌കുമാര്‍ സെയിലും പറഞ്ഞു. കാണാതായി 72ാം ദിവസമാണ് അര്‍ജുന്റെ ലോറിയുടെ ക്യാബിനും അതിനുള്ളിലെ മൃതദേഹവും കണ്ടെത്തുന്നത്.
ഗോവയില്‍ നിന്നെത്തിച്ച ഡ്രഡ്ജര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ലോറിയുടെ ക്യാബിന്‍ കണ്ടെത്തിയത്. ഗുജറാത്തില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധരാണ് ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ നിന്ന് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്.തുടര്‍ന്ന് ഇവര്‍ ക്രെയിനിന്റെ ഹുക്ക് ലോറിയുടെ ഭാഗങ്ങളില്‍ സ്ഥാപിച്ച് പുഴയുടെ ഉപരിതലത്തിലേക്ക് തിരിച്ചെത്തി. എന്നാല്‍ വേലിയേറ്റ സമയമായതിനാല്‍ ആ സമയം ക്രെയിന്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.
തുടര്‍ന്ന് പുഴയിലെ ഒഴുക്കിന് ശമനം ഉണ്ടായതോടെ ലോറിയുടെ ഭാഗം ഉയര്‍ത്തുകയായിരുന്നു. പിന്നാലെ ലോറിയുടമ മനാഫ് കാണാതായ ലോറിയാണെന്ന് സ്ഥിരീകരിച്ചു. നേരത്തെ അര്‍ജുന്‍ തിരിച്ചുവരുമെന്ന് വിശ്വസിക്കുന്നില്ലെന്ന് പ്രതികരിച്ച കുടുംബം അര്‍ജുന്റെ അന്ത്യ കര്‍മ്മങ്ങള്‍ക്ക് വേണ്ടിയുള്ള മൃതദേഹ അവശിഷ്ടങ്ങളെങ്കിലും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Post a Comment
0 Comments