കാസര്‍കോട്: ബംഗളൂരുവില്‍ നിന്ന് 54 ഗ്രാം എംഡി എം.എ ബസില്‍ കടത്തിക്കൊണ്ടുവന്ന യുവാവിന് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചട്ടഞ്ചാല്‍ പട്ടുവം സ്വദേശി ടി കെ മുഹമ്മദ് ആഷികി(25)നെയാണ് കാസര്‍കോട് അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ്- 2 കെ പ്രിയ ശിക്ഷിച്ചത്. ജാമ്യം നില്‍ക്കാന്‍ ആരും തയ്യാറാവത്തതിനാല്‍ പിടിയിലായത് മുതല്‍ പ്രതി ജയിലില്‍ തന്നെയായിരുന്നു. 2022 ഒക്ടോബര്‍ 21നാണു കേസിന് ആസ്പദമായ സംഭവം നടന്നത്. മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ കെ ഷിജില്‍ കുമാര്‍ സംഘവും നടത്തിയ വാഹന പരിശോധനയിലാണ് 54 ഗ്രാം എം.ഡി.എം.എയുമായി ബസില്‍ ആഷിക്ക് പിടിയിലായത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എംപി പ്രമോദ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ജെ ജോസഫ്, പ്രിവന്റിവ് ഓഫിസര്‍മാരായ ടി ജയരാജന്‍, കെ പീതംബരന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ മഹേഷ് കെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിന്റെ പ്രാഥമിക അന്വേഷണം നടത്തിയത് കാസര്‍കോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ആയിരുന്ന എസ് കൃഷ്ണകുമാര്‍ ആണ്. തുടര്‍ന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ആയിരുന്ന ജോയ് ജോസഫാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ജി. ചന്ദ്രമോഹന്‍, എം. ചിത്രകല ഹാജരായി.
Post a Comment
0 Comments