പോഷകാഹാര പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ബിസ്‌കറ്റ് കഴിച്ച് മഹാരാഷ്ട്രയില്‍ 80തോളം കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിൽ. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ വില്ലേജ് അധികൃതര്‍ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഛത്രപതി സാംബാജി നഗര്‍ ജില്ലയിലെ കെക്കെറ്റ് ജാല്‍ഗോണ്‍ ഗ്രാമത്തിലെ ജില്ലാ കൗണ്‍സിലിന്റെ കീഴിലുള്ള സ്‌കൂളിലായിരുന്നു സംഭവം.
ശനിയാഴ്ച രാവിലെ 8.30യോടെ ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് തലകറക്കവും ശര്‍ദ്ദിലും അനുഭവപ്പെടുകയായിരുന്നു. 257 കുട്ടികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതില്‍ 153 പേരെ ആശുപത്രിയില്‍ എത്തിച്ചു. ഇതില്‍ ചിലര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം വീട്ടിലേയ്ക്ക് തിരിച്ചയച്ചു.
അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഏഴു വിദ്യാര്‍ത്ഥികളെ കൂടുതല്‍ ചികിത്സയ്ക്കായി ഛത്രപതി സാംബാജിനഗര്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ ബാബാസാഹെബ് ഗുഹെ അറിയിച്ചു. സ്‌കൂളില്‍ ആകെയുള്ളത് 296 കുട്ടികളാണ്. സ്‌കൂളിലെ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
Post a Comment
0 Comments