വിദ്യാനഗര്‍: കാസര്‍കോട് കോടതി സമുച്ചയത്തില്‍ കേസ് രേഖകളും ഫയലുകളും തൊണ്ടിമുതലുകളും സൂക്ഷിക്കുന്ന മുറിയുടെ പൂട്ടു തകര്‍ത്ത നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ കോടതിയിലെത്തിയ ജീവനക്കാരാണ് പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയിലേക്കുള്ള പ്രവേശനകവാടം കഴിഞ്ഞ് മുകള്‍ നിലയിലേക്ക് പോകുന്ന കോണിപ്പടിക്ക് സമീപത്തായാണ് രേഖകളും ഫയലുകളും സൂക്ഷിക്കുന്ന മുറിയും മറ്റ് മുറികളുമുള്ളത്.
വിവരമറിഞ്ഞ് വിദ്യാനഗര്‍ പൊലീസും വിരലടയാള വിദഗ്ധരുമെത്തി മുറിക്കകത്ത് പരിശോധന നടത്തിവരികയാണ്. എന്തെങ്കിലും രേഖകളോ ഫയലുകളോ തൊണ്ടിമുതലുകളോ കടത്തിക്കൊണ്ടുപോയിട്ടുണ്ടോയെന്ന് പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂ. ശനിയാഴ്ച രാത്രി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് കടക്കുന്ന ഭാഗത്തെ പ്രവേശനകവാടത്തിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടിരുന്നു.
കോടതിയില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടുപേര്‍ ശബ്ദം കേട്ട് എത്തിയപ്പോള്‍ ഒരാള്‍ പുറത്തേക്ക് ഓടുന്നത് കണ്ടു. ഇയാളെ പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ പൊലീസെത്തി പരിശോധന നടത്തിയിരുന്നെങ്കിലും രേഖകളും ഫയലുകളും സൂക്ഷിക്കുന്ന മുറിയുടെ പൂട്ട് തകര്‍ത്തത് കണ്ടിരുന്നില്ല. ഇന്ന് രാവിലെ കോടതിയില്‍ ആദ്യം എത്തിയവരാണ് മുറിയുടെ പൂട്ട് തകര്‍ത്തതായി കണ്ടെത്തിയത്.
മുറിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ഇരുമ്പ് ഗ്രില്‍സ് അടച്ചിരുന്നെങ്കിലും ഇതിന് പൂട്ടുണ്ടായിരുന്നില്ല. ഇതാണ് രേഖകള്‍ സൂക്ഷിക്കുന്ന മുറിയിലേക്ക് കടക്കാന്‍ അജ്ഞാതന് സൗകര്യമായത്. കോടതി സമുച്ചയത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.മുഖംമൂടി ധരിച്ച ഒരാള്‍ പ്രവേശനകവാടത്തിലൂടെ നടന്നുപോകുന്നതും ഓടി രക്ഷപ്പെടുന്നതുമായ ദൃശ്യങ്ങള്‍ സി.സി.ടി.വി ദൃശ്യത്തിലുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Post a Comment
0 Comments