Type Here to Get Search Results !

Bottom Ad

സി.എ മുഹമ്മദ് ഹാജി വധക്കേസ്: നാലുപ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും


കാസര്‍കോട്: അടുക്കത്തബയല്‍ ബിലാല്‍ മസ്ജിദിന് സമീപത്തെ സി.എ മുഹമ്മദ് ഹാജിയെ (56) കുത്തിക്കൊലപ്പെടുത്തിയ പ്രമാദമായ കേസിലെ നാല് പ്രതികളെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയും അടക്കണം. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സന്തോഷ് നായിക് എന്ന ബജെ സന്തോഷ് (36), കെ. ശിവപ്രസാദ് എന്ന ശിവന്‍ (40), കെ അജിത് കുമാര്‍ എന്ന അജ്ജു (35), കെജി കിഷോര്‍ കുമാര്‍ എന്ന കിഷോര്‍ (39) എന്നിവരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്.

കേസില്‍ സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ പ്രോസിക്യൂടര്‍ അഡ്വ. സികെ ശ്രീധരന്‍, അഡ്വ. കെപി പ്രദീപ് കുമാര്‍ എന്നിവരാണ് വാദിഭാഗത്തിന് വേണ്ടി ഹാജരായത്. കേസിലെ ദൃക്‌സാക്ഷിയായ, കൊല്ലപ്പെട്ട സിഎ മുഹമ്മദ് ഹാജിയുടെ മകന്‍ ശിഹാബ്, വഴി യാത്രക്കാരന്‍ എന്നിവരുടെ മൊഴികളാണ് കേസില്‍ നിര്‍ണായകമായത്. കേസിന്റെ തുടക്കത്തില്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും ഇപ്പോള്‍ ഗോവ ഗവര്‍ണറുമായ അഡ്വ പിഎസ് ശ്രീധരന്‍ പിള്ളയാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായിരുന്നത്. ഗവര്‍ണറായി നിയമിതനായ ശേഷം അദ്ദേഹത്തിന്റെ ജൂനിയറാണ് പ്രതികള്‍ക്ക് വേണ്ടി വാദിച്ചത്.

അടുക്കത്ത്ബയല്‍ ബിലാല്‍ മസ്ജിദിന്റെ പ്രസിഡന്റായിരുന്ന മുഹമ്മദ് ഹാജി 2008 ഏപ്രില്‍ 18ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് മകന്‍ ശിഹാബിനൊപ്പം ഗുഡ്ഡെ ടെംപിള്‍ റോഡിലൂടെ ജുമുഅ നിസ്‌കാരത്തിന് പോകുമ്പോള്‍ ചാടിവീണ നാലു പ്രതികളില്‍ രണ്ടുപേര്‍ മുഹമ്മദിന്റെ കയ്യില്‍ കടന്നുപിടിക്കുകയും രണ്ടുപേര്‍ കത്തികൊണ്ട് കുത്തുകയുമായിരുന്നുവെന്ന പ്രോസിക്യൂഷന്റെ വാദം കോടതി ശരിവെക്കുകയായിരുന്നു.

അന്ന് വെള്ളരിക്കുണ്ട് സി ഐ ആയിരുന്ന ഇപ്പോഴത്തെ കാസര്‍കോട് എഎസ്പി പി ബാലകൃഷ്ണന്‍ നായരാണ് ഈ കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. 30 വര്‍ഷത്തിന് ശേഷം ഒരു വര്‍ഗീയ കൊലക്കേസില്‍ കോടതി ശിക്ഷ വിധിക്കുന്നത്. ഇതിനുമുമ്പുണ്ടായിരുന്ന പതിനൊന്നില്‍ ഒമ്പതു കേസുകളിലും പ്രതികളെ വെറുതെവിടുകയായിരുന്നു. ഒരുകേസ് തലശ്ശേരി കോടതിയില്‍ വിധികാത്തുനില്‍ക്കുകയാണ്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad