മക്കയില്‍ പിതാവിന്റെ ഖബറടക്കം പൂര്‍ത്തിയാക്കി കുവൈത്തിലേക്ക് മടങ്ങുമ്പോള്‍ വാഹനം മറിഞ്ഞ് മകന്‍ മരിച്ചു. മലപ്പുറം വാഴയൂര്‍ സ്വദേശി റിയാസ് റമദാനാണ് മരിച്ചത്. മലപ്പുറം വാഴയൂര്‍ തിരുത്തിയാട് സ്വദേശി മണ്ണില്‍ കടവത്ത് മുഹമ്മദ് മാസ്റ്ററാണ് പിതാവ്. ഹജ്ജിനിടെ കാണാതായി മരണപ്പെട്ട പിതാവിന്റെ ഖബറടക്കത്തിന് എത്തിയതായിരുന്നു മക്കയില്‍. പിതാവിന്റെ ഖബറടക്കം ഇന്നലെ മക്കയിലെ ജന്നത്തുല്‍ മുഅല്ലയില്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇത് കഴിഞ്ഞ് ഇന്ന് കുവൈത്തിലേക്ക് മടങ്ങുമ്പോഴാണ് ത്വാഇഫിനടുത്ത് വാഹനം മറിഞ്ഞത്. അപകട സ്ഥലത്തു വെച്ചു തന്നെ റിയാസ് മരണപ്പെട്ടെന്നാണ് വിവരം. നാല്‍പത്തിയഞ്ച് വയസായിരുന്നു. കുവൈത്തിലായിരുന്നു ജോലി.റിയാസിന്റെ ഭാര്യയും മൂന്ന് മക്കളും പരിക്കുകളോടെ രക്ഷപ്പെട്ടു. ത്വാഇഫില്‍ നിന്നും റിയാദിലേക്ക് പോകുന്ന വഴിയിലെ മൂയ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയിലുള്ളത്.
ദാരുണമായ അപകട മരണത്തിനാണ് സൗദിയുടെ പടിഞ്ഞാറന്‍ പ്രവിശ്യ സാക്ഷ്യം വഹിച്ചത്. ഹജ്ജിനിടെ മിനയില്‍ വെച്ച് കാണാതായ പിതാവ് മുഹമ്മദ് മാസ്റ്റര്‍ക്കായി ദിവസങ്ങളോളം റിയാസ് സൗദിയില്‍ ചിലവഴിച്ചിരുന്നു. സൗദിയുടെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിലെല്ലാം പരിശോധിച്ച് പിതാവില്ലെന്ന് ഉറപ്പാക്കിയാണ് കുവൈത്തിലേക്ക് മടങ്ങിയിരുന്നത്. പിന്നീട് ഇദ്ദേഹത്തെ കണ്ടെത്തിയതായും മരണം സ്ഥിരീകരിച്ചതായും മക്ക പോലീസ് അറിയിച്ചു. ഇതോടെ കുടുംബത്തോടൊപ്പം ഖബറടക്കത്തിന് എത്തിയതായിരുന്നു റിയാസ്. ഇന്ന് നാട്ടില്‍ പിതാവിന്റെ മയ്യിത്ത് നമസ്‌കാരം കഴിഞ്ഞതിന് പിന്നാലെയാണ് മകന്റെ മരണവുമെത്തുന്നത്. റിയാസിന്റെ അനിയനും കുടുംബവും കുവൈത്തില്‍ നിന്നെത്തി മക്കയിലുണ്ടായിരുന്നു. ഇവര്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.
Post a Comment
0 Comments