കല്‍പ്പറ്റ: ഒറ്റ രാത്രിയില്‍ ഒരു നാട് ഇല്ലാതായതിന്റെ ഉള്ളുപിടക്കുന്ന കാഴ്ചകള്‍. ചൊവ്വാഴ്ച രാത്രി 2നും പുലര്‍ച്ചെ നാലിനുമുണ്ടായ ഉരുള്‍പൊട്ടലില്‍ 134 പേര്‍ മരിച്ചതായാണ് ഒടുവില്‍ കിട്ടുന്ന വിവരം. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് മുണ്ടക്കൈയില്‍ ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടമുണ്ടായ മുണ്ടക്കൈയില്‍നിന്ന് 24 കിലോ മീറ്റര്‍ അകലെ പോത്തുകലില്‍ നിന്നാണ് നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മുണ്ടക്കൈ ദുരന്തത്തിലകപ്പെട്ട മനുഷ്യരുടെ ശരീരഭാഗങ്ങള്‍ ഇരുട്ടുകുത്തി,
അമ്പുട്ടാന്‍പൊട്ടി, കുനിപ്പാല, മച്ചിക്കൈ, ഭൂദാനം, വെള്ളിലമാട്, കമ്പിപ്പാലം തുടങ്ങിയ ചാലിയാറിന്റെ തീരങ്ങളില്‍നിന്നാണ് ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ 7.30 ഓടെ നാലു വയസുകാരിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. കുത്തൊഴുക്കിലെത്തി കുനിപ്പാല കടവിലടിഞ്ഞ മരക്കമ്പുകള്‍ക്കിടയിലായിരുന്നു കുഞ്ഞശരീരം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ഒഴുകിവരുന്ന വാര്‍ത്തയറിഞ്ഞ് പൊലീസും നാട്ടുകാരും പ്രദേശത്തേക്ക് കുതിച്ചെത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Post a Comment
0 Comments