ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ രണ്ടാം ദിവസം രക്ഷാപ്രവർത്തനം ആരംഭിച്ചു. നാല് സംഘങ്ങളിൽ 150 പേരടങ്ങിയ ടീമാണ് മുണ്ടക്കൈയിലേക്ക് തിരിച്ചിരിക്കുന്നത്. സൈന്യം, എൻഡിആർഎഫ്, ആരോഗ്യപ്രവർത്തകർ, അഗ്നിശമനസേന എന്നിവരടങ്ങിയതാണ് സംഘം. സന്നദ്ധ പ്രവർത്തകരും സംഘത്തോടൊപ്പമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് കൂടുതൽ സൈന്യമെത്തും.
മൂവായിരത്തിലധികം പേരാണ് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്. 186 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 98 പേരെ കാണാതായിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ കണക്കുകൾ. ഇത് കുറയാനുള്ള സാധ്യതകളുണ്ടെന്നാണ് റവന്യു മന്ത്രി കെ രാജൻ വ്യക്തമാക്കുന്നത്. 486 പേരെയാണ് ദുരന്തമുഖത്തുനിന്ന് രക്ഷപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു. എന്നാൽ 200ലധികം പേരെ കാണാതായിട്ടുണ്ടെന്നാണ് ക്യാമ്പുകളിലുള്ളവർ പറയുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളില്ല.
മണ്ണിനടിയിൽ കുടുങ്ങിയവരുണ്ടോ എന്ന് കണ്ടെത്തുക നിർണായകമാണ്. ചാലിയാർ പുഴയിലും വനത്തിലും ഇന്ന് തെരച്ചിൽ നടത്തും. പോസ്റ്റ്മോർട്ടം നടപടികൾ തുടരുകയാണ്. എത്രയും വേഗം മൃതദേഹം വിട്ടുനൽകാൻ നടപടി ഊർജിതമാക്കിയിരിക്കുകയാണ്. രാപകൽ വ്യത്യാസമില്ലാതെയാണ് പോസ്റ്റ്മോർട്ടം നടപടികൾ തുടരുന്നത്. ഉറ്റവരെ കണ്ടെത്താൻ കഴിയാതെ നിരവധി പേരാണ് ആശുപത്രിയിൽ തുടരുന്നത്.
Post a Comment
0 Comments