Type Here to Get Search Results !

Bottom Ad

ഇനി സഹതാപമില്ല; കുട്ടിഡ്രൈവര്‍മാര്‍ വണ്ടി ഓടിച്ചാല്‍ ആര്‍.സി ഉടമയ്ക്ക് ഭീമന്‍ പിഴയും തടവും


കാസര്‍കോട്: നഗരത്തിലും സമീപപ്രദേശങ്ങളിലും നിരത്തിലൂടെ ലൈസന്‍സില്ലാതെ പായുന്ന കുട്ടി ഡ്രൈവര്‍മാരെ കണ്ണുവച്ച് കാസര്‍കോട് ട്രാഫിക് പൊലീസ്. ഇങ്ങനെ വിലസുന്നവരില്‍ ഭൂരിഭാഗവും സ്‌കൂള്‍ വിദ്യാര്‍ഥികളായതിനാല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ശക്തമായ പരിശോധനകളാണ് പൊലീസ് നടത്തുന്നത്.

ഒരു മാസത്തിനിടെ കാസര്‍കോട് നഗരത്തില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമായി അഞ്ചു കുട്ടി ഡ്രൈവര്‍മാരെയാണ് കാസര്‍കോട് ട്രാഫിക് പൊലീസിന്റെ പിടിയിലായത്. ഇവയില്‍ മൂന്നു കേസുകളും പിടികൂടിയത് കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂള്‍ പരിസരത്ത് നിന്നാണ്. ബാക്കി രണ്ട് കേസുകള്‍ പിടികൂടിയത് വിദ്യാനഗര്‍ സ്റ്റേഷന്‍ പരിധിയില്‍ നിന്നും. പിടിയിലായവരില്‍ അധികവും പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ്. ഈ കേസുകളില്‍ രക്ഷിതാ ക്കള്‍ക്കും വാഹന ഉടമകള്‍ക്കുമെതിരെ പൊലീസ് നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്.

കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ നല്‍കിയാല്‍ രക്ഷിതാക്കളും നിയമ നടപടി നേരിടേണ്ടിവരുമെന്ന് കാസര്‍കോട് ട്രാഫിക് എസ്.എച്ച്.ഒ പ്രദീഷ് കുമാര്‍ എം.പി പറഞ്ഞു. പിഴ മാത്രമാണ് മുമ്പ് ഈടാക്കിയിരുന്നത്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വാഹനം നല്‍കുന്ന രക്ഷിതാവിന് അല്ലെങ്കില്‍ വാഹന ഉടമയ്ക്ക് പുതിയ നിയമഭേദഗതി പ്രകാരം കാല്‍ലക്ഷം രൂപ പിഴയും മൂന്നുവര്‍ഷത്തെ തടവും ലഭിക്കാം. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഒരുവര്‍ഷത്തേക്കു റദ്ദാക്കും. ഇക്കാലയളവില്‍ വാഹനം നിരത്തിലിറക്കാന്‍ കഴിയില്ല. പിടിക്കപ്പെടുന്ന കുട്ടിക്ക് 18-നു പകരം 25 വയസ്സായാല്‍ മാത്രമേ ലൈസന്‍സ് ലഭിക്കുവെന്നും, പ്രദീഷ് കുമാര്‍ എം.പി വ്യക്തമാക്കി. സ്‌കൂള്‍ തുറന്നതിനുശേഷമാണ്, പ്രത്യേകിച്ചും പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചതിന് ശേഷമാണ് കാസര്‍കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും കുട്ടിഡ്രൈവര്‍മാരുടെ എണ്ണം കൂടിയത്.

ഒരു വണ്ടിയില്‍ മൂന്നും നാലും ആളുക ളുമായി സഞ്ചരിക്കുന്നവരുണ്ട്. ഹെല്‍മറ്റ് ധരിക്കാതെയാണ് അധികപേരും വണ്ടിയോടിക്കുന്നത്. ട്രാഫിക് അച്ചടക്കം പാലിക്കാതെ ഓടിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന കുട്ടികള്‍ മറ്റ് വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈസാഹചര്യത്തിലാണ് കര്‍ശന നടപടികളുമായി കാസര്‍കോട് ട്രാഫിക് പോലീസ് രംഗത്തെ ത്തിയിരിക്കുന്നത്. കുട്ടിഡ്രൈവര്‍മാര്‍ക്കായി വരുംദിവസങ്ങളിലും വിദ്യാലയങ്ങള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ച് പരിശോധ ശക്തമാക്കുമെന്നും കാസര്‍കോട് ട്രാഫിക് എസ്.എച്ച്.ഒ പ്രദീഷ് കുമാര്‍ എം.പി അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad