ഉപ്പള: ഉപ്പള ടൗണിലെ കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ നിന്ന് താഴെയിറങ്ങാത്ത പൂച്ചക്കുഞ്ഞ് ഫയര്‍ഫോഴ്സിനെ വട്ടംകറക്കി. ഷട്ടറുകളുടെയും ബോര്‍ഡുകളുടെയും ഇടയില്‍ സുഖജീവിതം തുടങ്ങിയ പൂച്ചക്കുഞ്ഞിനെ ഇറക്കാന്‍ എത്തിയ ഫയര്‍ഫോഴ്സ് സംഘം ഒരുമണിക്കൂറോളം നേരം വലഞ്ഞത് വ്യാപാരികളുടെ ഇടയില്‍ ചിരിപടര്‍ത്തി. നാല് ദിവസം മുമ്പാണ് ഉപ്പളയിലെ എം.എല്‍.എ. ഓഫീസിന് സമീപത്തെ ഒന്നാം നില കെട്ടിടത്തില്‍ വ്യാപാരികള്‍ പൂച്ചക്കുഞ്ഞിനെ കണ്ടത്. ചിലര്‍ പൂച്ചക്കുഞ്ഞിനെ താഴെ ഇറക്കാന്‍ ശ്രമം നടത്തിയെങ്കിലും പൂച്ചക്കുഞ്ഞ് താഴെ ഇറങ്ങാന്‍ കൂട്ടാക്കിയില്ല.
ചില വ്യാപാരികള്‍ പൂച്ചക്കുഞ്ഞിന്റെ ദയനീയാവസ്ഥ കണ്ട് മുകളിലേക്ക് ഭക്ഷണ പൊതികള്‍ എറിഞ്ഞുകൊടുക്കാന്‍ തുടങ്ങി. ഭക്ഷണപ്പൊതി കടിച്ചെടുത്ത് പൂച്ചക്കുഞ്ഞ് വ്യാപാര സ്ഥാപനങ്ങളുടെ പരസ്യബോര്‍ഡുകളുടെയും ഷട്ടറുകളുടെ ഇടയില്‍ കൊണ്ടുപോയി ഭക്ഷിക്കും. വീണ്ടും വിശക്കുമ്പോള്‍ കെട്ടിടത്തിന് മുകളില്‍ കയറി കരയാന്‍ തുടങ്ങും. വ്യാപാരികള്‍ പിന്നെയും ഭക്ഷണപ്പൊതി വലിച്ചെറിയും. ഇത് ഇങ്ങനെ തുടര്‍ന്നു കൊണ്ടിരുന്നു. മഴ നനയുന്നത് കാരണം പൂച്ചക്കുഞ്ഞിനെ മുകളില്‍ നിന്ന് താഴെയിറക്കാന്‍ വ്യാപാരികള്‍ പതിനെട്ടടവും പയറ്റിയിട്ടും താഴെയിറങ്ങാന്‍ തീരെ കൂട്ടാക്കിയില്ല. പിന്നീടാണ് വ്യാപാരികള്‍ ഉപ്പളയിലെ ഫയര്‍ഫോഴ്സിന്റെ സഹായം തേടിയത്. ഫയര്‍ഫോഴ്‌സിന്റെ അഞ്ചംഗ സംഘം കോണിയും വലയും വള്ളിയും തോട്ടിയുമായി വലിയ സന്നാഹത്തോടെയാണ് എത്തിയത്. ചെറിയ പൂച്ചക്കുഞ്ഞല്ലെ, പെട്ടെന്ന് കീഴ്‌പ്പെടുത്തി മടങ്ങാമെന്ന് കരുതിയാണ് ഫയര്‍ഫോഴ്സ് സംഘം എത്തിയത്.
കോണിയില്‍ കൂടി മുകളില്‍ കയറിയ ഫയര്‍ഫോഴ്‌സ് സംഘത്തെ കണ്ട പൂച്ചക്കുഞ്ഞ് പിടികൊടുക്കാതെ ബോര്‍ഡുകളുടെ ഇടയില്‍ കൂടി ഓടിക്കളിച്ച് സംഘത്തെ വട്ടംകറക്കി. പൂച്ചക്കുഞ്ഞ് പോകുന്നിടത്തെല്ലാം കോണിയുമായി പോയി ഫയര്‍ഫോഴ്‌സ് സംഘം വിയര്‍ത്തു. പൂച്ചക്കുഞ്ഞ് ടെറസിന്റെ മുകളില്‍ എത്തിയപ്പോള്‍ പിടികൂടാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഫയര്‍ഫോഴ്സ് സംഘം കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ എത്തിയത്.വള്ളിയും മറ്റും വലിച്ചെറിഞ്ഞ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ തലങ്ങും വിലങ്ങും ഓടിയ പൂച്ചക്കുഞ്ഞ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ആര്‍ക്കും പിടികൊടുക്കാതെ താഴേക്ക് ചാടിരക്ഷപ്പെടുകയായിരുന്നു.
Post a Comment
0 Comments