മലപ്പുറം: മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഊര്‍ജിതമാക്കി. ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിൽ നിയന്ത്രണമേര്‍പ്പെടുത്തി. മലപ്പുറം ജില്ലയിലുള്ളവർ എല്ലാവരും മാസ്ക്ക് ധരിക്കണം. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ ആൾക്കൂട്ടം ഒഴിവാക്കണം. കടകൾ രാവിലെ 10 മുതൽ 5 മണി വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാൻ പാടുളളു. മദ്രസ, ട്യൂഷൻ സെൻ്റർ നാളെ പ്രവർത്തിക്കരുത്. മുൻകൂട്ടി തീരുമാനിച്ച പരിപാടികൾക്ക് ആൾകൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു.
നിലവിൽ 214 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരിൽ 60 പേർ ഹൈറിസ്ക് വിഭാഗത്തിലാണ്. നിപ സ്ഥിരീകരിച്ച കുട്ടിയുടെ അച്ഛൻ, അമ്മ, അമ്മാവൻ എന്നിവര്‍ ക്വാറൻ്റീനിലാണ്. നേരത്തെ ചികിത്സ തേടിയ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ക്വാറന്റീനിലാണ്. കുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു കുട്ടിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈ കുട്ടിക്ക് പനിബാധയുളളതിനാൽ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.
ജൂലൈ 10 നാണ് പാണ്ടിക്കാട് സ്വദേശിയായ 14 കാരന് പനി ബാധിച്ചത്. 12 ന് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. ഭേദമാകാതിരുന്നതോടെ 13 ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. 15 ന് ഇതേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റിയിരിക്കുകയാണ്.
സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയിലും പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലത്തിലും നിപ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ആറ് ബെഡുള്ള ഐ.സി.യുവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
Post a Comment
0 Comments