കാസര്‍കോട്: ഭര്‍ത്താവിന്റെ അമ്മയെ കഴുത്തില്‍ കൈകൊണ്ടു ഞെരിച്ചും തലയിണ കൊണ്ട് മുഖം അമര്‍ത്തിയും നൈലോണ്‍ കയര്‍ കഴുത്തിന് ചുറ്റിയും കൊലപ്പെടുത്തിയെന്ന കേസില്‍ മരുമകളെ ജീവപര്യന്തം തടവിനും നാല് ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷ വിധിച്ചു. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി അംബിക (49) യെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് ശിക്ഷിച്ചത്. കൊലപാതകത്തിന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും, തെളിവ് നശിപ്പിച്ചതിന് അഞ്ച് വര്‍ഷം തടവും രണ്ട് ലക്ഷം രൂപയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം അധിക തടവ് അനുഭവിക്കണം. ശനിയാഴ്ചയാണ് അംബികയെ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. കേസിലെ രണ്ടാം പ്രതിയും അംബികയുടെ ഭര്‍ത്താവുമായ കമലാക്ഷ, മൂന്നാം പ്രതിയായ മകന്‍ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.
2014 സെപ്തംബര്‍ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊളത്തൂര്‍ പെര്‍ളടുക്കം ചേപ്പിനടുക്കയിലെ അമ്മാളു അമ്മ (65) യെയാണ് കൊലപ്പെടുത്തിയത്. അമ്മാളു അമ്മയെ വീടിന്റെ ചായിപ്പില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. മരണത്തില്‍ മറ്റുബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെതുടര്‍ന്ന് പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പോസ്റ്റ് മോര്‍ടത്തിലാണ് മരണം കൊലപാതകാണെന്ന് തെളിഞ്ഞത്.</ു>
Post a Comment
0 Comments