Type Here to Get Search Results !

Bottom Ad

'കണ്ണാടി പൊട്ടിച്ചാല്‍ കോലം നന്നാകുമോ'; മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് ലീഗ് മുഖപത്രം ചന്ദ്രിക


കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക. 'കണ്ണാടി പൊട്ടിച്ചാല്‍ കോലം നന്നാകുമോ' എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. തോല്‍വിക്ക് കാരണം ഭരണവീഴ്ചയാണെന്ന് പി.ആര്‍ സംഘവും മുഖ്യമന്ത്രിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും വീണ്ടും തോറ്റാല്‍ പാര്‍ട്ടിയെ കാണാന്‍ മ്യൂസിയത്തില്‍ പോകേണ്ടിവരുമെന്നും മുഖപ്രസംഗത്തില്‍ പരിഹസിക്കുന്നു.

മുണ്ടുടുത്ത മോദിയെന്നാണ് മുഖപ്രസംഗത്തിന്റെ ഒരുഭാഗത്ത് മുഖ്യമന്ത്രിയെ വിശേഷിപ്പിക്കുന്നത്. ''വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതിലും വലിയ തിരിച്ചടി കിട്ടിയേക്കുമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിക്ക് അനുകൂലമായി വാര്‍ഡ് വെട്ടിക്കീറി വിഭജിക്കുന്ന പഴയ കുടില തന്ത്രം വീണ്ടും ഇറക്കിയിട്ടുണ്ട്. മോദിയുടെ ബില്‍ തന്ത്രങ്ങളുടെ കോപ്പി പേസ്റ്റുമായാണ് മുണ്ടുടുത്ത മോദിയുടെ പടപ്പുറപ്പാട്. പക്ഷേ, വീണ്ടുമൊരു അങ്കത്തില്‍ കൂടി തോറ്റാല്‍ പാര്‍ട്ടിയെ കാണാന്‍ മ്യൂസിയത്തില്‍ തിരയേണ്ടിവരുമെന്നാണ് നേതാക്കള്‍ പോലും രഹസ്യമായി പറയുന്നത്''-മുഖപ്രസംഗത്തില്‍ പറയുന്നു.

സി.പി.എമ്മിനൊപ്പം നവോത്ഥാനമെന്ന് പറഞ്ഞ് നടക്കുകയും വാ തുറന്നാല്‍ വര്‍ഗീയത പറയുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശന്‍ സി.പി.എമ്മിലെ ഈഴവ വോട്ടുകള്‍ സംഘപരിവാറിലേക്ക് ഹോള്‍സെയിലായി എത്തിക്കുന്ന പാലമാണെന്ന തിരിച്ചറിവ് നവോത്ഥാന മതില്‍ കെട്ടാന്‍ കരാര്‍ നല്‍കിയ പിണറായിയും പാര്‍ട്ടിയും ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. എത്ര തോറ്റാലും അത് തോല്‍വിയല്ലെന്ന് പറയുന്ന മുഖ്യന് മോരിലെ പുളി പോയാലും ലീഗിനെ കുറ്റം പറയുന്ന പണിയാണ്. അതാവുമ്പോള്‍ യാതൊരു അന്തവും കുന്തവുമില്ലാത്ത സഖാക്കള്‍ ആഹാ വിളിച്ച് കൂടെ നിന്നോളുമെന്ന് ടിയാനും അറിയാം. സ്വന്തം മുഖം വികൃതമായത് തിരിച്ചറിയാതെ മറ്റു പാര്‍ട്ടികളുടെ മുഖം വികൃതമാണെന്ന് വിളിച്ചു പറയുന്നത് മാത്രമാണ് ആകെ നടക്കുന്നത്. പ്രശ്നമുണ്ടാകുമ്പോള്‍ അത് കാണിക്കുന്ന കണ്ണാടി കുത്തിപ്പൊട്ടിക്കലാണ് ഹീറോയിസം എന്ന് കരുതുന്നവരോട് ജനം ഇതില്‍ കൂടുതല്‍ചെയ്താലും അത്ഭുതപ്പെടേണ്ടതില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad