Type Here to Get Search Results !

Bottom Ad

മലബാർ സംസ്ഥാന പരാമർശം; സമസ്ത നേതാവിനെതിരെ സിപിഎം


കോഴിക്കോട്: മലബാർ സംസ്ഥാനം വേണമെന്ന സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറയുടെ പരാമർശത്തിനെതിരെ വിമർശനവുമായി സിപിഎം. കേരളത്തെ വെട്ടിമുറിക്കണമെന്ന മുസ്തഫ മുണ്ടുപാറയുടെ നിലപാട് വിഘടനവാദമാണെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎൻ മോഹൻ ദാസ് പറഞ്ഞു. മലയാളികളുടെ മാതൃഭൂമിയെ വെട്ടിമുറിക്കണമെന്ന വാദം ഞെട്ടിപ്പിക്കുന്നതാണ്. ഭൂരിപക്ഷ തീവ്ര വർഗീയശക്തികൾക്ക്‌ രാജ്യത്തെ ധ്രുവീകരിക്കാനുള്ള ആയുധമാണ്‌ ഈ വിഘടനവാദ പ്രസ്‌താവനയിലൂടെ നൽകുന്നതെന്നും ഇഎൻ മോഹൻ ദാസ് പറഞ്ഞു.

കാശ്‌മീരിനെ മൂന്നായി വെട്ടിമുറിച്ച അനുഭവം നമ്മുടെ മുന്നിലുണ്ട്‌. കേരളത്തെ വിഭജിക്കണമെന്ന വാദം ജനാധിപത്യ വിരുദ്ധമാണ്. ഇത്തരം ഭ്രാന്തൻ പ്രസംഗങ്ങളും മുദ്രാവാക്യങ്ങളും ഉയർത്തുന്ന നേതാക്കളെ നിയന്ത്രിക്കാൻ സമസ്‌ത നേതൃത്വം തയ്യാറാക്കണം. കാറ്റ്‌ വിതച്ച്‌ കൊടുങ്കാറ്റ്‌ കൊയ്യാൻ ഇടയാക്കരുത്‌. ന്യൂനപക്ഷങ്ങളാകെ വിഘടനവാദികളാണെന്ന്‌ ആക്ഷേപിക്കുന്ന ബിജെപിയുടെ ആയുധത്തിന്‌ മൂർച്ച കൂട്ടുന്ന പ്രസ്‌താവനയാണിത്‌. മലയാളിയുടെ മാതൃഭൂമിയെ വെട്ടിമുറിക്കാൻ ആരെയും അനുവദിക്കില്ല. ഈ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കും. ഇത്തരം ഭ്രാന്തൻ മുദ്രാവാക്യം ഉയർത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും സമസ്‌ത നേതാവിന്റെ ഈ പ്രസ്‌താവനയോട്‌ മുസ്ലിം ലീഗും യുഡിഎഫ്‌ നേതൃത്വവും നിലപാട്‌ വ്യക്തമാക്കണമെന്നും ഇഎൻ മോഹൻദാസ്‌ പറഞ്ഞു.

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയെ തുടർന്നാണ് വിവാദ പരാമര്‍ശവുമായി എസ് വൈ എസ് നേതാവ് മുസ്തഫ മുണ്ടുപാറ രം​ഗത്തെത്തിയത്. കേരളം വിഭജിക്കണമെന്ന ആവശ്യം ഉയർന്നാൽ തെറ്റ് പറയാൻ കഴിയില്ലെന്ന് മുസ്തഫ മുണ്ടുപാറ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് മലബാറിനോട് അവഗണന തുടരുമ്പോൾ മലബാർ സംസ്ഥാനം വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ തെറ്റ് പറയാൻ കഴിയില്ലെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad