കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടില്‍ നിന്നും അഞ്ചു പവന്‍ സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്ത സംഭവത്തില്‍ കുപ്രസിദ്ധ മോഷ്ടാവ് 24 മണിക്കൂറിനകം അറസ്റ്റില്‍. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനു സമീപത്തെ ഗാര്‍ഡര്‍ വളപ്പിലെ പിഎച്ച് ആസിഫി(22)നെയാണ് നീലേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ ഉമേശനും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചക്കാണ് നീലേശ്വരം, പള്ളിക്കര, സെന്റ് ആന്‍സ് എ.യു.പി സ്‌കൂളിന് സമീപത്തെ വ്യാപാരിയായ മേലത്ത് സുകുമാരന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. സുകുമാരന്റെ ഭാര്യ ഉച്ചക്ക് കടയിലേക്ക് ഭര്‍ത്താവിന് ഊണു കൊണ്ടുപോയി തിരിച്ചെത്തിയ ശേഷം അയല്‍ക്കാരിയായ വീട്ടമ്മയുമായി സംസാരിച്ചു നില്‍ക്കുന്നതിനിടയില്‍ ആയിരുന്നു കവര്‍ച്ച.
അടുക്കള ഭാഗത്തെ ഗ്രില്‍സിന്റെ വാതില്‍ തുറന്ന് തൊട്ടടുത്ത പറമ്പിന്റെ മതില്‍ ചാടിക്കടന്നാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. വിവരമറിഞ്ഞെത്തിയ പൊലീസ് മോഷ്ടാവിന്റെ വിരലടയാളം കണ്ടെത്തിയിരുന്നു. ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ച നടത്തിയത് ആസിഫ് ആണെന്ന് വ്യക്തമായത്. നീലേശ്വരം, കാഞ്ഞങ്ങാട് തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളിലായി 12 കേസുകളില്‍ പ്രതിയാണ് ആസിഫെന്ന് പൊലീസ് പറഞ്ഞു. ലഹരിക്ക് അടിമയായ പ്രതി വിവാഹിതനാണെന്നും പൊലീസ് പറഞ്ഞു. എസ്‌ഐമാരായ വിശാഖ്, മധുസൂദനന്‍ മടിക്കൈ, രതീശന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.</p>
Post a Comment
0 Comments