Type Here to Get Search Results !

Bottom Ad

കാറഡുക്ക സഹകരണ സംഘം തട്ടിപ്പ് കേസ്; സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു


കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് കോപ്പറേറ്റീവ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന സെക്രട്ടറി ഉള്‍പ്പെടെ മൂന്നുപ്രതികളെ കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. കേസിലെ മുഖ്യപ്രതിയും സൊസൈറ്റി സെക്രട്ടറിയുമായ കര്‍മന്തൊടി ബാളക്കണ്ടത്തെ കെ. രതീഷ്, കണ്ണൂര്‍ സിറ്റി ഉരുവച്ചാല്‍ സ്വദേശിയും പയ്യന്നൂരില്‍ താമസക്കാരനുമായ അബ്ദുല്‍ ജബ്ബാര്‍, കോഴിക്കോട് അരക്കിണര്‍ സ്വദേശി സി. നബീന്‍ എന്നിവരെയാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി ജില്ലാ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്.

രതീഷിനെ ഇന്നലെ കാറഡുക്ക സൊസൈറ്റിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറു പ്രതികളാണ് അറസ്റ്റിലായത്. ആറുപേരും റിമാന്റില്‍ കഴിയുകയാണ്. നേരത്തെ ക്രൈംബ്രാഞ്ച് ആറു പ്രതികളെയും ജില്ലാ ജയിലില്‍ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. പണം ഏതൊക്കെ വഴികളിലൂടെയാണ് പോയതെന്നതിനെ കുറിച്ച് വ്യക്തത വന്നെങ്കിലും ഇടപാടുകളുടെ കാര്യത്തിലുള്ള ദുരൂഹത തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് കോടതി യില്‍ അപേക്ഷ നല്‍കിയത്.

ഈ കേസിലെ മറ്റ് പ്രതികളായ ബേക്കല്‍ ഹദ്ദാദ് നഗറിലെ മുഹമ്മദ് ബഷീര്‍, പറക്കളായി ഏഴാംമൈലിലെ അബ്ദുല്‍ ഗഫൂര്‍, കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ എ. അനില്‍കുമാര്‍ എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയും കാറഡുക്ക സൊസൈറ്റിയില്‍ നിന്ന് കടത്തി ക്കൊണ്ടുപോയി പണയം വച്ച സ്വര്‍ണാഭരണങ്ങള്‍ വിവിധ ബാങ്കുകളില്‍ നിന്നായി കണ്ടെടുക്കുകയും ചെയ്തിരുന്നു. തട്ടിപ്പ് നടത്തിയതായി വ്യക്തമായതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട രതീഷ് ഒരു ദിവസം സൊസൈറ്റിയിലെത്തി ലോക്കറില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കടത്തിക്കൊണ്ടുപോകുകയായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad