കാസര്‍കോട്: അമ്മ മരണപ്പെട്ട വിശന്നു വലഞ്ഞ കുഞ്ഞിന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസര്‍ മെറിന്‍ ബെന്നി മുലപ്പാല്‍ നല്‍കി അനുകമ്പയുടെ പര്യായമായി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുവന്ന ആസ്സാം സ്വദേശിയായ യുവതിയുടെ മൃതദേഹത്തിനരികെ മുപ്പത്തിഎഴ് ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ വിശപ്പടക്കാന്‍ കഴിയാതെ ബന്ധുക്കള്‍ വലയുകയായിരുന്നു. ഇതറിഞ്ഞ ആശുപത്രി അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് അന്നേ ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സിംഗ് ഓഫീസര്‍ മെറിന്‍ മുലപ്പാല്‍ കൊടുക്കാന്‍ സന്നദ്ധയായി മുന്നോട്ടു വരുകയായിരുന്നു.
വിശപ്പു മാറിയ കുഞ്ഞിനെ ഉറക്കിയ ശേഷം വസ്ത്രങ്ങള്‍ മാറ്റി ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് കൈമാറി. ആതുര സേവനത്തിന്റെയും മനുഷ്യത്വത്തിന്റെയും ഉദാത്ത മാതൃക യാവുകയാണ് ഒരു വയസ് പ്രായമായ കുഞ്ഞിന്റെ അമ്മ കൂടിയായ മെറിന്‍. മെറിന്‍ ബെന്നിയെ ഡെപ്യൂട്ടി സുപ്രണ്ടന്റ്് ഡോ. ജമാല്‍ അഹമ്മദ് അഭിനന്ദിച്ചു. മെറിന്‍ ബെന്നി ബന്തടുക്കയിലെ ബിപിന്‍ തോമസിന്റെ ഭാര്യയാണ്.
Post a Comment
0 Comments