Type Here to Get Search Results !

Bottom Ad

വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന വളര്‍ത്തുനായയെ കാണാതായി; പുലി കടിച്ചുകൊണ്ടുപോയതായി സംശയം


മുള്ളേരിയ: വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന വളര്‍ത്തു നായയെ കാണാതായി. ബേപ്പ് തോണിപ്പളളത്തെ ബി നാരായണന്റെ വളര്‍ത്തുനായയെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കാണാതായത്. നായയെ പുലി കടിച്ചുകൊണ്ടുപോയെന്ന സംശയം ഉയര്‍ന്നതോടെ പ്രദേശത്ത് ആശങ്ക ഉടലെടുത്തു. വീട്ടുമുറ്റത്ത് ഇരുമ്പ് കേബിളിലിലാണ് നായയെ കെട്ടിയിട്ടിരുന്നത്. ഇത് പൊട്ടിച്ച് പുലി നായയെ കടിച്ചുകൊണ്ടുപോയെന്നാണ് സംശയം. വേറെ രണ്ട് നായകള്‍ കൂട്ടിലുണ്ട്. ഇവയുടെ നിര്‍ത്താതെയുള്ള കുര കേട്ട് നാരായണന്‍ ഉണര്‍ന്ന് നോക്കിയപ്പോഴാണ് നായയെ കാണാനില്ലെന്ന് വ്യക്തമായത്. 

വീടിന് സമീപത്തെ ഒന്നരമീറ്ററോളം ഉയരത്തിലുള്ള മണല്‍തിട്ടയില്‍ നഖപ്പാടും തൊട്ടടുത്ത് കാല്‍പ്പാടും കണ്ടു. ഒരു വലിയ പശുവിന്റെ കുളമ്പിനോളം വലിപ്പം കാല്‍പ്പാടുകള്‍ക്കുണ്ട്. വിവരമറിഞ്ഞ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം ഫോറസ്റ്റ് ഓഫീസര്‍ കെ ജയകുമാരന്റെ നേതൃത്വത്തില്‍ വനപാലകരെത്തി സ്ഥലത്ത് പരിശോധന നടത്തി. 20 കിലോയിലേറെ ഭാരമുള്ള നായയെ കൊണ്ടുപോകാന്‍ വലിയ പുലിക്ക് മാത്രമേ കഴിയൂ എന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍ എത്തിച്ചേര്‍ന്നത്. സമീപത്തെ വനങ്ങളില്‍ ടീം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ ഭാഗത്ത് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. 

കുട്ടിയാനം, കുറ്റിയടുക്കം, പേരടുക്കം, കാട്ടിപ്പള്ളം, മഞ്ചക്കല്‍ തുടങ്ങി പല ഭാഗങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. കുറ്റിയടുക്കത്ത് പുലി ഇറങ്ങിയതിന്റെ വീഡിയോ രണ്ടാഴ്ച മുമ്പ് പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കണ്ടത് പുലിയല്ലെന്നും കാട്ടുപൂച്ചയെ ആയിരിക്കാമെന്നുമായിരുന്നു വനപാലകരുടെ നിലപാട്. വലിയ നായയെ കൊണ്ടുപോകാന്‍ കാട്ടുപൂച്ചക്ക് കഴിയില്ലെന്നിരിക്കെ പുലി ഇറങ്ങിയതാകാമെന്ന സംശയമാണ് ഇപ്പോള്‍ വനപാലകര്‍ക്കുള്ളത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad