ദേശീയം (www.evisionnews.in):ബാലാവകാശ കമ്മീഷന്‍ ഇടപെട്ടതിന് പിന്നാലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായുള്ള വിവാഹം മുടങ്ങിയതിന് പിന്നാലെ പതിനാറുകാരിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കര്‍ണാടകയിലെ കുടക് ജില്ലയില്‍ മുട്‌ലുവിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതി പ്രകാശ് പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി മാതാപിതാക്കളെ ആക്രമിച്ച ശേഷം കൊല നടത്തിയത്.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുമായി പ്രകാശിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. കഴിഞ്ഞ ദിവസം വിവാഹ നിശ്ചയം നടക്കാനിരിക്കെ വിവരം അറിഞ്ഞെത്തിയ ബാലാവകാശ കമ്മീഷന്‍ പ്രവര്‍ത്തകര്‍ ചടങ്ങുകള്‍ തടഞ്ഞു. ശൈശവ വിവാഹം നിയമ വിരുദ്ധമാണെന്ന് ഇരു കുടുംബങ്ങള്‍ക്കും മുന്നറിയിപ്പും നല്‍കി. ഇതോടെ പെണ്‍കുട്ടിയുടെ കുടുംബം വിവാഹത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.
സംഭവത്തിന് പിന്നാലെ രാത്രിയോടെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ആക്രമിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
എന്നാല്‍ പെണ്‍കുട്ടിയുടെ മൃതദേഹം സമീപത്തുള്ള വനത്തില്‍ നിന്നും തലയില്ലാത്ത നിലയിലാണ് കണ്ടെത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പ്രതിയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.
Post a Comment
0 Comments