കാസര്‍കോട്: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം കമ്മല്‍ ഊരിയെടുത്ത് രക്ഷപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍. പെണ്‍കുട്ടിയുടെ നാട്ടുകാരനായ 27 വയസുള്ള യുവാവാണ് പൊലീസ് കസ്റ്റഡിയുള്ളത്. സാഹചര്യത്തെളിവുകളെല്ലാം ഇയാള്‍ക്ക് എതിരാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇയാള്‍ കുറ്റം സമ്മതിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഏതാനും ദിവസം മുമ്പ് അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീട്ടിനടുത്തെ മറ്റൊരു വീട്ടിലെത്തിയ ഈ യുവാവ് പടന്നക്കാട്ടേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനുള്ള വഴി ചോദിച്ചിരുന്നുവത്രെ. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷമാണ് ഇക്കാര്യം വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ വീട്ടുകാര്‍ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.
കഞ്ചാവിന് അടിമയാണ് ഇയാളെന്നാണ് സൂചന. ഈമാസം ഒമ്പതിന് പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ മറ്റൊരു വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന സ്ത്രീയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ച സംഭവം ഉണ്ടായിരുന്നു. മുന്‍വശത്തെ വാതില്‍ വഴി അകത്ത് കടന്ന അക്രമി മാല പൊട്ടിച്ച ശേഷം അടുക്കള ഭാഗത്തെ വാതില്‍ വഴിയാണ് ഓടി രക്ഷപ്പെട്ടത്. എന്നാല്‍ മുക്കുമാലയായതിനാല്‍ സംഭവം പൊലീസില്‍ അറിയിച്ചിരുന്നില്ല. സമാനരീതിയിലാണ് പെണ്‍കുട്ടിയുടെ വീട്ടിനകത്ത് എത്തിയതും രക്ഷപ്പെട്ടതും. മാല പൊട്ടിച്ചയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതിയെ തിരിച്ചറിയുന്നതിലേക്ക് സഹായകമായി. ഇയാള്‍ക്കെതിരെ സമാനമായ മറ്റൊരു പീഡനക്കേസുമുണ്ട്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നു കണ്ടെത്തിയ ചില തെളിവുകളുടെ സാമ്പിള്‍ ശേഖരിച്ച് ഡി.എന്‍.എ ടെസ്റ്റ് നടത്താനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്.
Post a Comment
0 Comments