സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് പല ജില്ലകളിലും ദുരിതം വര്‍ധിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളിലുള്‍പ്പടെ വെള്ളം കയറി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലുള്ള വാര്‍ഡുകളിലാണ് വെള്ളം കയറിയത്.
സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ച് അരനൂറ്റാണ്ടിനിടെ ആദ്യമായാണ് കെട്ടിടത്തിനകത്തേക്ക് വെള്ളം കുത്തിയൊഴുകിയെത്തുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. വെള്ളം കയറിയതോടെ വാര്‍ഡുകളിലെ കുട്ടികളെ ഉടന്‍തന്നെ മറ്റിടങ്ങളിലേക്ക് മാറ്റി. തൃശൂരിലെ അശ്വിനി ആശുപത്രിയില്‍ വെള്ളം കയറി.
കാഷ്വാലിറ്റി വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് വെള്ളം കയറിയത്. ആശുപത്രിയുടെ ഐസിയുവില്‍ വരെയാണ് വെള്ളമെത്തിയത്. 2018ല്‍ പോലും ഇത്രയും വെള്ളം ആശുപത്രിയില്‍ കയറിയിട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേ നടപ്പുരയിൽ വെള്ളം കയറി.
വേനല്‍ മഴ ശക്തമായതോടെ ദേശീയ പാത നിര്‍മാണത്തിലെ അപാകത പ്രകടമാകുന്ന കാഴ്ചയാണ് സംസ്ഥാനമൊട്ടാകെ. ചെറിയ മഴ പെയ്താല്‍ പോലും കാസര്‍കോട് ജില്ലയില്‍ സര്‍വീസ് റോഡുകളില്‍ പലേടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. അരയോളം വെള്ളത്തിലൂടെയാണ് ഇരുചക്രവാഹനങ്ങളടക്കം പലേടത്തും കടന്നുപോകുന്നത്.
കൊച്ചിയില്‍ കടവന്ത്ര, സൗത്ത്, ചിറ്റൂര്‍ റോഡ്, എംജി റോഡ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ കടകളില്‍ വെള്ളം കയറി. കളമശേരി മൂലേപാടത്തും ഇടക്കൊച്ചിയിലും വീടുകളില്‍ വെള്ളം കയറി. ഇന്‍ഫോപാര്‍ക്കിലെ പാര്‍ക്കിങ് ഏര്യയില്‍ വെള്ളക്കെട്ടുണ്ടായതിനെ തുടര്‍ന്ന് വാഹനങ്ങള്‍ മുങ്ങി. ഇനിയും മഴ ശക്തമായാല്‍ വലിയ അപകടങ്ങള്‍ക്ക് കാതോര്‍ക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.
Post a Comment
0 Comments