തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് പരാതി നല്‍കാനെത്തിയ ബിജെപി പ്രവര്‍ത്തകന്‍ കഞ്ചാവുമായി അറസ്റ്റില്‍. ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായ എസ് ശങ്കര്‍ പാണ്ടിയെയാണ് മധുര വിമാനത്താവളത്തില്‍ അറസ്റ്റിലായത്. തമിഴ്‌നാട്ടില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെ ഉപഭോഗത്തെ കുറിച്ചായിരുന്നു ശങ്കര്‍ പാണ്ടിയുടെ പരാതി.
സംസ്ഥാനത്ത് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകള്‍ സുലഭമായി ലഭിക്കുന്നുവെന്നും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നും പരാതിയില്‍ സൂചിപ്പിച്ചിരുന്നു. പരാതിയുടെ പ്രാധാന്യം വ്യക്തമാക്കാനാണ് കഞ്ചാവ് ഒപ്പം കരുതിയതെന്നാണ് ശങ്കര്‍ പാണ്ടിയുടെ വാദം. മുഖ്യമന്ത്രിയും കുടുംബവും മധുര വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു പരാതിയുമായി ബിജെപി നേതാവ് എത്തിയത്.
വിമാനത്താവളത്തിലെ ശങ്കര്‍ പാണ്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളില്‍ നിന്ന് പരാതിക്കൊപ്പം കഞ്ചാവും കണ്ടെത്തിയത്. ശങ്കര്‍ പാണ്ടിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ആവണിപുരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
Post a Comment
0 Comments