Type Here to Get Search Results !

Bottom Ad

സെക്രട്ടറിയെ പിടികൂടാന്‍ മൈസൂരുവിലും അന്വേഷണം; കാറഡുക്ക സൊസൈറ്റി തട്ടിപ്പ് കേസ് ഫയലുകള്‍ ആദൂര്‍ പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി


മുള്ളേരിയ: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ ഫയര്‍ സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസിന്റെ ഫയലുകള്‍ ആദൂര്‍ പൊലീസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. അന്വേഷണച്ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് കേസ് ഫയലുകള്‍ക്കായി പൊലീസിനെ സമീപിച്ചത്. ഇതുവരെയുള്ള അന്വേഷണത്തിന്റെ പുരോഗതി പൊലീസ് ക്രൈംബ്രാഞ്ചിനെ ബോധ്യപ്പെടുത്തി. കേസിലെ മുഖ്യപ്രതിയായ അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയുടെ സെക്രട്ടറി കെ രതീഷിന് തട്ടിപ്പ് നടത്താന്‍ ഒത്താശ നല്‍കിയ മൂന്നുപേരെ കഴിഞ്ഞ ദിവസം ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മൗവ്വല്‍ സ്വദേശി കെ അഹമ്മദ് ബഷീര്‍(60), അഹമ്മദ് ബഷീറിന്റെ ഡ്രൈവര്‍ അമ്പലത്തറ പറക്കളായി ഏഴാംമൈലിലെ എ അബ്ദുല്‍ഗഫൂര്‍ (26), കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ എ അനില്‍കുമാര്‍(55) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാണ്ട് ചെയ്തിട്ടുണ്ട്. മൂന്നുപേരും കാസര്‍കോട് സബ് ജയിലില്‍ റിമാണ്ടില്‍ കഴിയുകയാണ്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ കിട്ടുന്നതിന് ക്രൈംബ്രാഞ്ച് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ത്രേട്ട് കോടതിയില്‍ ഹരജി നല്‍കിയതായാണ് സൂചന. അതേ സമയം കേസിലെ മുഖ്യപ്രതിയായ സൊസൈറ്റി സെക്രട്ടറി കെ രതീഷിനെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ കര്‍ണ്ണാടകയില്‍ തന്നെ ഒളിവില്‍ കഴിയുകയാണ്. രണ്ട് പൊലീസ് ടീമുകളാണ് രതീഷിനെ പിടികൂടാന്‍ കര്‍ണ്ണാടകയില്‍ വ്യാപകമായ തിരച്ചില്‍ നടത്തി വന്നിരുന്നത്.

തട്ടിപ്പ് കേസിലെ മൂന്നുപ്രതികളുമായി ഒരു ടീം ബംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിയെങ്കിലും മറ്റൊരു ടീം രതീഷിനെ പിടികൂടുകയെന്ന ലക്ഷ്യത്തോടെ കര്‍ണ്ണാടകയില്‍ തന്നെ തുടരുകയാണ്. ബംഗളൂരു, ശിവമോഗ, ഹാസന്‍ എന്നിവിടങ്ങളിലേക്ക് രതീഷ് ലൊക്കേഷന്‍ മാറിക്കൊണ്ടിരുന്നതാണ് പൊലീസിനെ കുഴപ്പിച്ചത്. രതീഷ് ചിലപ്പോള്‍ ഫോണ്‍ ഓണാക്കുകയും മറ്റുചിലപ്പോള്‍ ഓഫാക്കുകയും ചെയ്യുന്നുണ്ട്. ഇന്നലെ രതീഷ് ഫോണ്‍ ഓണ്‍ ചെയ്തപ്പോള്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചത് മൈസൂുവിലാണ്. കര്‍ണാടകയില്‍ തങ്ങുന്ന പൊലീസ് ടീം ഉടന്‍ തന്നെ മൈസൂരുവിലേക്ക് പോയെങ്കിലും രതീഷ് അവിടെ നിന്നും

മുങ്ങുകയാണുണ്ടായത്. തട്ടിപ്പിന്റെ പ്രധാന സൂത്രധാരനായ കണ്ണൂര്‍ താണ സ്വദേശിയെ കണ്ടെത്തുന്നതിനും അന്വേഷണം തുടരുകയാണ്. ഇതിനായി കണ്ണൂര്‍ പൊലീസിന്റെ സഹായവും തേടി. സഹകരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ ധനകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരെ കണ്ണൂര്‍ സ്വദേശി തന്റെ വലയിലാക്കി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad