തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ കക്കുന്നം- തട്ടാര്‍കടവ് ജംഗ്ഷനില്‍ ടൂറിസ്റ്റ് ബസും കാറും തമ്മില്‍ കൂട്ടിയിടിച്ച് കാര്‍ യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് അപകടം. തൃക്കരിപ്പൂര്‍ ആയിറ്റിയില്‍ നിന്നും പയ്യന്നൂര്‍ തായിനേരിയിലേക്ക് കല്ല്യാണ പാര്‍ട്ടിയുമായി പോകുകയായിരുന്ന ഇസ്‌റ ബസും തട്ടാര്‍കടവ് ഭാഗത്ത് നിന്നും വരികയായിരുന്ന കാറും തമ്മില്‍ നാലു റോഡുകള്‍ കൂടിച്ചേരുന്ന ജംഗഷനില്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറില്‍ ഇടിക്കുന്നതിനിടെ വലിയ അപകടം ഒഴിവാക്കാനായി ബസ് ഡ്രൈവര്‍ ബസ് വലതു വശത്തേക്ക് വെട്ടിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന അയേണ്‍ ഇലക്ട്രിക്
പോസ്റ്റില്‍ ഇടിച്ച് ബസ് നില്‍ക്കുകയായിരുന്നു. എച്ച്ടി, എല്‍ടി ലൈനുകള്‍ കടന്നുപോകുന്ന പോസ്റ്റ് പൊട്ടിവീഴാത്തതായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കാറില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇടിയുടെ ആഘാതത്തില്‍ ബസിന്റെയും കാറിന്റെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. തൃക്കരിപ്പൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ജീവനക്കാരും ചന്തേര പൊലീസും കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സ്ഥലത്ത് ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി.
Post a Comment
0 Comments