കാസര്‍കോട്: റിയാസ് മൗലവി വധക്കേസില്‍ കോടതിയുടെ വിധി പകര്‍പ്പില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നതടക്കം അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍. പ്രതികള്‍ക്ക് മുസ്ലിം സമുദായത്തോടുള്ള വെറുപ്പാണ് കൊലപാതകത്തിന് പിന്നില്‍ എന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്‍ ഇത് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടു. മുസ്ലിം സമുദായത്തോടുള്ള പ്രതികളുടെ ശത്രുതയ്ക്ക് കാരണമായി ആരോപിക്കപ്പെടുന്ന മൂന്ന് സംഭവങ്ങളില്‍ ഒന്നുപോലും തെളിയിക്കാനായില്ല.
പ്രതികള്‍ക്ക് ആര്‍എസ്എസുമായി ബന്ധമുണ്ട് എന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. കോടതി ഉത്തരവില്‍ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. അന്വേഷണം നടന്നത് നിലവാരമില്ലാത്തതും ഏകപക്ഷീയവുമായ രീതിയിലാണ്.
റിയാസ് മൗലവിയുടെ മുറിയില്‍ നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണുകളും സിംകാര്‍ഡുകളും മെമ്മറി കാര്‍ഡും പരിശോധിച്ചില്ല. ഈ സാമഗ്രികള്‍ പരിശോധിച്ച് വിശദാംശങ്ങള്‍ എടുക്കുന്നതില്‍ അന്വേഷസംഘം പരാജയപ്പെട്ടു. ഇത് സംശയം ജനിപ്പിക്കുന്നതാണ്.
മരണത്തിനു മുന്‍പ് റിയാസ് മൗലവി ആരൊക്കെയായി ഇടപഴകി എന്ന് കണ്ടുപിടിക്കാനുള്ള അവസരം അന്വേഷണ സംഘം നഷ്ടപ്പെടുത്തിയെന്നും കോടതിയുടെ വിമര്‍ശനമുണ്ട്. ഡിഎന്‍എ പരിശോധന നടത്തിയില്ല. ഒന്നാം പ്രതിയുടെതെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന മുണ്ട്, ഷര്‍ട്ട് എന്നിവ പ്രതിയുടെ ഡിഎന്‍എ സാംപിളുമായി പരിശോധന നടത്തിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡിഎന്‍എ പരിശോധന നടത്തിയിരുന്നെങ്കില്‍ ഇത് ഒന്നാം പ്രതി തന്നെ ഉപയോഗിച്ചതാണോ എന്ന് വ്യക്തമാകുമായിരുന്നു. പരിശോധന നടത്താതിരുന്നതുകൊണ്ടുതന്നെ അന്വേഷണം ഏകപക്ഷീയമായിരുന്നു എന്ന് കരുതാന്‍ സാധിക്കും. കേസിന്റെ തെളിവെടുപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായിരുന്നു എന്ന് കരുതുന്നതായും കോടതി ചൂണ്ടിക്കാട്ടി. 169 പേജ് ആണ് വിധിപകര്‍പ്പ്.
Post a Comment
0 Comments