മലപ്പുറത്ത് മുഖ്യമന്ത്രി നടത്തിയ പ്രസംഗം ചട്ടലംഘനമെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബി.ജെ.പി. മലപ്പുറത്ത് നടത്തിയ സിഎഎ വിരുദ്ധറാലിയിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെയാണ് ബി.ജെ.പിയുടെ പരാതി. ബി.ജെ.പി സംസ്‌ഥാന എക്‌സിക്യുട്ടിവ് അംഗം കെ.കെ.സുരേന്ദ്രനാണ് പിണറായി വിജയനെതിരെ പരാതി നൽകിയത്.
മുസ്ലിംകൾ നിഷ്‌കാസനം ചെയ്യപ്പെടേണ്ടവരായി സംഘപരിവാർ കാണുന്നുവെന്ന മുഖ്യമന്ത്രിയുടെ മലപ്പുറത്തെ സിഎഎ വിരുദ്ധ റാലിയിലെ പരാമർശമാണ് പരാതിക്കിടയാക്കിയത്. പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്ന ആർഎസ്എസ് ആശയം ഹിറ്റ്ലറുടേതിന് തുല്യമാണ്. ന്യൂനപക്ഷങ്ങളെയും കമ്മ്യൂണിസ്റ്റുകളെയും ഹിറ്റ്ലർ ശത്രുവായി കണ്ടുവെന്നും ആർഎസ്എസ്സിനും അതേ നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുസ്ലിംകൾക്കിടയിൽ ഭയവും വെറുപ്പും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ പ്രസംഗമെന്നാണ് ബിജെപിയുടെ പരാതി. മതത്തിൻ്റെ പേരിൽ മുഖ്യമന്ത്രി പ്രചാരണം നടത്തിയെന്നും തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിയെ പ്രചാരണ യോഗങ്ങളിൽനിന്ന് വിലക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്.
Post a Comment
0 Comments