ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനര്‍ (ടിടിഇ) യുവതിയെ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ടു. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയ 40 കാരിയുടെ തലയ്ക്കും കൈക്കും കാലുകള്‍ക്കും പരിക്കേറ്റു. ജനറല്‍ ടിക്കറ്റെടുത്ത് എ.സി കോച്ചില്‍ കയറിയതിനാണ് യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്. കോച്ച് മാറിക്കയറിയതിന് യുവതിയോട് ടി.ടി.ഇ ദേഷ്യപ്പെടുകയും പിന്നീട് ബാഗുകള്‍ ട്രെയിനിന് പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ നീങ്ങുന്നതിനിടെ തള്ളിയിടുകയായിരുന്നു.
ഫരീദാബാദിലെ എസ്ജിജെഎം നഗറില്‍ താമസിക്കുന്ന ഭാവനക്കാണ് പരിക്കേറ്റത്. ഝാന്‍സിയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് സംഭവം. ട്രെയിന്‍ പുറപ്പെടാനൊരുങ്ങിയപ്പോള്‍ എ.സി കോച്ചില്‍ ഓടിക്കയറുകയായിരുന്നു. എന്നാല്‍ ടി.ടി.ഇ കോച്ചില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. അടുത്ത സ്റ്റേഷനിലെത്തിയാല്‍ കോച്ച് മാറിക്കയറാമെന്ന് യുവതി ടി.ടി.ഇയോട് പറഞ്ഞു. എന്നാല്‍ ഇത് ടി.ടി.ഇ സമ്മതിച്ചില്ല. എങ്കില്‍ പിഴ ഈടാക്കാന്‍ യുവതി ആവശ്യപ്പെട്ടു. ഇതില്‍ ക്ഷുഭിതനായ ടി.ടി.ഇ യുവതിയെ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നുവെന്നാണ് പരാതി.
ട്രെയിനില്‍ നിന്ന് താഴെ വീണ യുവതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങി. ഇത് കണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയും യുവതിയെ പുറത്തെടുക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ 10 മിനിറ്റോളം വൈകി. യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ സ്ത്രീയുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിന് പിന്നാലെ ടി.ടി.ഇക്കെതിരെ വധശ്രമത്തിന് കേസെടുത്തു. യുവതിയെ തള്ളിയിട്ട ടി.ടി.ഇ ഓടി രക്ഷപ്പെടുകയും ചെയ്തു. ഇയാളെ പിടികൂടാന്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Post a Comment
0 Comments