കാസര്‍കോട്: എ.ടി.എമില്‍ നിറക്കാന്‍ കൊണ്ടുവന്ന 50 ലക്ഷം രൂപ ഉപ്പളയില്‍ പട്ടാപ്പകല്‍ കൊള്ളയടിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതം. കവര്‍ച്ചയ്ക്ക് പിന്നില്‍ ഇതര സംസ്ഥാനക്കാരനെന്ന സംശയം ബലപ്പെട്ട സാഹചര്യത്തില്‍ അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഉപ്പള ടൗണിലെ ആക്സിസ് ബാങ്കിന്റെ എ.ടി.എം കൗണ്ടറില്‍ ജീവനക്കാര്‍ പണം നിറക്കുന്നതിനിടെയാണ് കൗണ്ടറിന് സമീപം പണവുമായി നിര്‍ത്തിയിട്ട വാനിന്റെ ഗ്ലാസ് തകര്‍ത്ത് 50 ലക്ഷം രൂപ കവര്‍ന്നത്.
വാനിന്റെ ഡ്രൈവര്‍ ഒരാഴ്ചയോളമായി അവധിയിലാണ്. രണ്ടു ജീവനക്കാരാണ് എ.ടി.എം കൗണ്ടറുകളിലേക്ക് പണവുമായി എത്തിയത്. ഇതില്‍ ഒരാള്‍ വാന്‍ ഡ്രൈവറാണ്. ഉപ്പളയില്‍ എ.ടി.എം കൗണ്ടറിന് സമീപം വാന്‍ നിര്‍ത്തി കൗണ്ടറിലേക്ക് പണം നിറക്കാനായി രണ്ട് ജീവനക്കാരും പോയ സമയത്ത്് വാനിന്റെ മധ്യത്തിലുള്ള ഗ്ലാസ് തകര്‍ത്ത് പണം കൊള്ളയടിക്കുകയായിരുന്നു. ഒരു യുവാവ് ബാഗുമായി ഉപ്പള ബസ് സ്റ്റാന്റിന് സമീപത്തെ പോക്കറ്റ് റോഡില്‍ കൂടി നടന്ന് മറ്റൊരു പോക്കറ്റ് റോഡില്‍ കൂടി നടന്നുപോകുന്ന ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
ഈ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് യുവാവ് ഇതര സംസ്ഥാനക്കാരനാണെന്ന സംശയത്തിന് വഴിയൊരുക്കിയത്. പരിസരത്തെ 250ലേറെ സി.സി.ടി.വി കാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. കവര്‍ച്ചയ്ക്ക് പിന്നില്‍ ഒന്നിലേറെ പേരുണ്ടെന്നും പണവുമായി സംഘം രക്ഷപ്പെട്ടത് ഓട്ടോയിലെന്നും സംശയിക്കുന്നതായി പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഓട്ടോ ഡ്രൈവര്‍ അടക്കം മൂന്ന് പേരുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
അതേസമയം, എ.ടി.എമ്മുകളില്‍ പണം നിറക്കുന്ന കരാര്‍ കമ്പനിക്കാരുടെ വന്‍ സുരക്ഷാ വീഴ്ചയെന്നാണ് റിപ്പോര്‍ട്ട്. എ.ടി.എം കൗണ്ടറുകളിലേക്ക് പണം നിറക്കാനായി ബാങ്കുകള്‍ ഇത്തരം കമ്പനികളെയാണ് ഏല്‍പ്പിക്കാറ്. പണവുമായി വാന്‍ പുറപ്പെടുമ്പോള്‍ ഡ്രൈവറടക്കം മൂന്ന് ജീവനക്കാര്‍ വേണമെന്നാണ് ചട്ടം. തോക്ക് ഉപയോഗിക്കുന്ന സെക്യൂരിറ്റി ജീവനക്കാരനും മറ്റൊരു സഹായിയുമാണ് വേണ്ടത്. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് പലപ്പോഴും കമ്പനി കോടിയോളം രൂപവാനില്‍ എത്തിക്കുന്നതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഇതിലെ ജീവനക്കാരെ മഞ്ചേശ്വരം പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാസര്‍കോട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Post a Comment
0 Comments