മോഷണക്കുറ്റം ആരോപിച്ച് പരിശോധന നടത്തിയതില്‍ മനംനൊന്ത് ഒന്‍പതാം ക്ലാസുകാരി ജീവനൊടുക്കി. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ കദമ്പൂരിലാണ് സംഭവം നടന്നത്. അദ്ധ്യാപിക മോഷണക്കുറ്റം ആരോപിച്ച് വിദ്യാര്‍ത്ഥിനിയുടെ വസ്ത്രം അഴിച്ച് പരിശോധിച്ചിരുന്നു. കദമ്പൂര്‍ സ്വദേശിനി ദിവ്യ ബാര്‍ക്കല്‍ ആണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചത്.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ സഹപാഠിയുടെ കൈവശമുണ്ടായിരുന്ന 2,000രൂപ നഷ്ടമായിരുന്നു. ഇതേ തുടര്‍ന്ന് അദ്ധ്യാപകര്‍ ക്ലാസിലെ എല്ലാ കുട്ടികളുടെയും ബാഗുകള്‍ പരിശോധിച്ചു. എന്നാല്‍ പണം കണ്ടെത്താന്‍ സാധിച്ചില്ല. പിന്നാലെ അദ്ധ്യാപിക ദിവ്യ ഉള്‍പ്പെടെ മൂന്ന് കുട്ടികളെ സ്റ്റാഫ് റൂമിലെത്തിച്ച് വസ്ത്രം അഴിച്ച് പരിശോധിക്കുകയായിരുന്നു.
സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയത് മുതല്‍ പെണ്‍കുട്ടി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നതായി വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടി മുറി അകത്തുനിന്ന് അടച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മാതാപിതാക്കള്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Post a Comment
0 Comments