കാസര്‍കോട്: നിക്ഷേപതട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റി ചെയ്തു. കാസര്‍കോട്ടെ കാനറാ ഫിഷ് ഫാര്‍മേഴ്‌സ് വെല്‍ഫയര്‍ പ്രൊഡ്യൂസര്‍ കമ്പനി ഡയറക്ടര്‍ കണ്ണൂര്‍ സിറ്റി സ്വദേശി രാഹുല്‍ ചക്രപാണി (43)യെയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് റിമാന്റ് ചെയ്തത്. മധൂര്‍ സ്വദേശി സാബ് ഇഷാക്കിന്റെ പരാതിയില്‍ കേസെടുത്ത കാസര്‍കോട് ടൗണ്‍ പൊലീസ് കഴിഞ്ഞ ദിവസമാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. അതിനിടെ നിക്ഷേപ തട്ടിപ്പിനിരയായ മറ്റൊരാളുടെ പരാതിയില്‍ രാഹുല്‍ ചക്രപാണിക്കും മാനേജര്‍ രജനിക്കുമെതിരെ പൊലീസ് കേസെടുത്തു. ചെമ്മനാട് പരവനടുക്കത്തെ ഫാത്തിമയുടെ പരാതിയിലാണ് കേസ്.
കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന കാനറ ഫിഷ് ഫാര്‍മേഴ്സ് വെല്‍ഫെയര്‍ പ്രൊഡ്യൂസര്‍ കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ അടച്ച പണം തിരിച്ച് ഏതുസമയവും എടുക്കാമെന്ന് വിശ്വസിപ്പിച്ച് 2023 ഫെബ്രുവരി 16 മുതല്‍ 2023 ഡിസംബര്‍ 14 വരെ നിക്ഷേപിച്ച 1,99,900 രൂപ തിരിച്ചുനല്‍കാതെ വഞ്ചന കാട്ടിയെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ചക്രപാണി, കമ്പനി മാനജര്‍ രജനി എന്നിവര്‍ക്കെതിരെ ഐപിസി 420 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
മധൂര്‍ സ്വദേശി സാബ് ഇശാഖിന്റെ പരാതിയിലാണ് ശനിയാഴ്ച രാഹുല്‍ ചക്രപാണിയെ കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. സാബ് ഇശാഖിന് 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെ നിക്ഷേപിച്ച വകയില്‍ 2,94,000 രൂപ തിരികെ നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്. ബന്തടുക്കയിലെ ഒരു വീട്ടില്‍ എത്തിയ രാഹുല്‍ ചക്രപാണിയെ ബന്തടുക്കയിലെ നിക്ഷേപകരാണ് സമ്മര്‍ദം ചെലുത്തി സ്റ്റേഷനില്‍ എത്തിച്ചത്. പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കാസര്‍കോട് പഴയ പ്രസ് ക്ലബ് പരിസരത്തെ കമ്പനി ഓഫീസ് 2023 ഡിസംബറില്‍ പൂട്ടിയിരുന്നു. നേരത്തെയും പല നിക്ഷേപത്തട്ടിപ്പ് കേസുകളില്‍ രാഹുല്‍ ചക്രപാണി അറസ്റ്റിലായിട്ടുണ്ട്. ടൗണ്‍ എസ്.ഐ പി. അനൂപിന്റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
Post a Comment
0 Comments