കണ്ണൂര്‍: മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെതിരെ എഴുതാന്‍ മാധ്യമപ്രവര്‍ത്തകരെ മാനേജ്മെന്റ് നിര്‍ബന്ധിക്കുന്നു. മാധ്യമങ്ങള്‍ നന്നാകില്ലെന്ന് അറിയാമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. നവകേരള സദസ്സിന്റെ ഭാഗമായി കണ്ണൂരില്‍ ആദിവാസി, ദലിത് വിഷയങ്ങളിലുള്ള മുഖാമുഖം പരിപാടിക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ ആളെക്കൂട്ടാന്‍ പെടാപ്പാട് പെടുകയാണെന്ന് ഒരു മാധ്യമത്തില്‍ വന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിക്ക് ആളെ കൂട്ടാനല്ല, വന്ന ആളുകളുടെ പരിമിതി കാരണം ഇരുത്താനാണു പ്രയാസപ്പെടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനെതിരെ എഴുതാന്‍ മാധ്യമപ്രവര്‍ത്തകരെ മാനേജ്മെന്റ് നിര്‍ബന്ധിക്കുകയാണെന്നും പിണറായി ആരോപിച്ചു. മാധ്യമങ്ങളെ കുറിച്ച് പറയുന്നത് നന്നാവും എന്ന പ്രതീക്ഷയിലല്ല. നന്നാവില്ലെന്ന് അറിയാം. എന്തൊക്കെ എഴുതിവിട്ടിട്ടും തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ ഫലം കണ്ടില്ലേ. ജനം എന്തൊക്കെയാണു സ്വീകരിക്കുന്നതെന്ന് മനസിലായല്ലോയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു.
Post a Comment
0 Comments