കാസര്‍കോട്: ചന്ദ്രഗിരിപ്പുഴയില്‍ ഒഴുകിവന്ന യുവാവിന് രക്ഷകരായി നാട്ടുകാരും പൊതുപ്രവര്‍ത്തകരും. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ചന്ദ്രഗിരിപ്പുഴയുടെ മധ്യഭാഗത്തിലൂടെ നീന്തിവരികയായിരുന്ന യുവാവിനെ സംശയത്തിന്റെ പേരില്‍ ചെമ്മനാട് ചന്ദ്രഗിരി പാലത്തിനടുത്തുണ്ടായിരുന്ന അന്‍വര്‍ പാറ, ശുഹൈല്‍ കൊവ്വല്‍, അമീന്‍ അബ്ദുല്ല എന്നിവര്‍ ചേര്‍ന്ന് തോണിയില്‍ കയറ്റി കരയിലേക്ക് കൊണ്ടുവരികയായിരുന്നു. പഞ്ചായത്ത് മെമ്പര്‍ അമീര്‍ പാലോത്ത് വിവരമറിയിച്ചതിനെ തുടര്‍ന്ന് മേല്‍പറമ്പ പൊലീസെത്തി യുവാവിനെ കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയിലെത്തിച്ചു.
അവശനായ യുവാവിന് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ പൊതുപ്രവര്‍ത്തകന്‍ അഷ്‌റഫ് എടനീര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചെയ്തതോടെ പാലക്കാട് നിന്ന് യുവാവിനെ പരിചയമുള്ളവര്‍ ബന്ധപ്പെടുകയും തുടര്‍ന്ന് പാലക്കാട് ജില്ലയിലെ തൃത്താല കാരമ്പത്തൂരിലെ സുലൈമാന്‍ മകന്‍ ബാബു എന്ന് വിളിക്കുന്ന ശുഹൈല്‍ (30) ആണെന്ന് തിരിച്ചറിയുകയുമായിരുന്നു. നഗരസഭ കൗണ്‍സിലര്‍മാരായ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, സഹീര്‍ ആസിഫ് എന്നിവരും ആശുപത്രിയിലെത്തിയിരുന്നു.
Post a Comment
0 Comments