Type Here to Get Search Results !

Bottom Ad

കാറിലെത്തിയ സംഘം ബസ് തടഞ്ഞ് ജീവനക്കാരെ അക്രമിച്ച് പണം തട്ടി; മൂന്നുപേര്‍ക്കെതിരെ കേസ്


കുമ്പള: കാറിലെത്തിയ സംഘം യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ബസ് തടഞ്ഞ് ജീവനക്കാരെ അക്രമിച്ച് 36,000 രൂപ തട്ടിയെടുത്തതായും മൊബൈല്‍ ഫോണ്‍ എറിഞ്ഞ് തകര്‍ത്തതായും പരാതി.സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാസര്‍കോട്-പെര്‍മുദെ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ജിസ്തിയ ബസ് ഡ്രൈവര്‍ സവാദ് (33), കണ്ടക്ടര്‍ കളത്തൂര്‍ ചെക്ക് പോസ്റ്റിന് സമീപത്തെ മുസ്തഫ (22) എന്നിവരെയാണ് കുമ്പള ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 

യാത്രക്കാരുമായി പോവുകയായിരുന്ന ബസിനെ പെര്‍മുദെ മുന്നൂരില്‍ ബെലേനൊ കാറിലെത്തിയ മൂന്നുപേര്‍ കാര്‍ കുറുകെയിട്ട് ഡ്രൈവറെ മര്‍ദ്ദിക്കുകയും തടയാന്‍ ശ്രമിച്ച കണ്ടക്ടറെ ബസിനകത്ത് കയറി അക്രമിക്കുകയും പുറത്തേക്ക് വലിച്ചിട്ട് കല്ല് കൊണ്ട് ഇടിക്കുകയും ബാഗില്‍ ഉണ്ടായിരുന്ന 36,000 രൂപ തട്ടിയെടുക്കുകയും മൊബൈല്‍ ഫോണ്‍ റോഡില്‍ എറിഞ്ഞ് പൊട്ടിച്ചുവെന്നുമാണ് മുസ്തഫ കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 

സംഭവത്തില്‍ അബൂബക്കര്‍ സിദ്ദീഖ്, അജ്മല്‍ എന്നിവര്‍ക്കും കണ്ടാല്‍ അറിയാവുന്ന മറ്റൊരാള്‍ക്കുമെതിരെയാണ് കേസ്. ബസ് ഉടമ നാട്ടില്‍ ഇല്ലാത്തതിനാല്‍ മൂന്ന് ദിവസത്തെ വരുമാനം ഒപ്പം സൂക്ഷിച്ചിരുന്നു. ഇതാണ് സംഘം തട്ടിയെടുത്തതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.പെര്‍മുദെയിലും പരിസരത്തും പുറത്ത് നിന്നെത്തുന്ന സംഘം മയക്കുമരുന്ന് ലഹരിയില്‍ അഴിഞ്ഞാടുന്നതായി നാട്ടുകാര്‍ പറയുന്നു. വഴിയാത്രക്കാരെ തടഞ്ഞ് പണം തട്ടുന്നത് പതിവാണ്. മയക്കുമരുന്ന് സംഘത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും രാത്രി കാലങ്ങളില്‍ പൊലിസിന്റെ പരിശോധന കര്‍ശനമാക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad