Type Here to Get Search Results !

Bottom Ad

അണങ്കൂരിലെ അടിപ്പാതയുടെ ഉയരം കൂട്ടണം: പ്രതിഷേധത്തെതുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവച്ചു


കാസര്‍കോട്: അണങ്കൂര്‍ ദേശീയപാതയില്‍ ഏറെ മുറവിളികള്‍ക്കൊടുവില്‍ അനുവദിച്ച അടിപ്പാതയ്ക്ക് മൂന്നുമീറ്റെങ്കിലും ഉയരം വേണമെന്നാവശ്യം ശക്തം. രണ്ടരമീറ്റര്‍ ഉയരവും ഏഴു മീറ്റര്‍ വീതിയുമുള്ള അടിപ്പാതയ്ക്കാണ് അണങ്കൂര്‍ ജംഗ്ഷനില്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതു അപര്യാപ്തമാണെന്നും കാറും ബൈക്കും മാത്രമേ കടന്നുപോകാന്‍ കഴിയുകയുള്ളൂവെന്നും നാട്ടുകാര്‍ പറയുന്നു.

അമ്പതോളം സ്‌കൂള്‍ ബസുകള്‍ ദിവസവും അണങ്കൂര്‍ ഭാഗത്തേക്ക് എത്തുന്നുണ്ട്. ഇവയ്‌ക്കൊന്നും അടിപ്പാതയിലൂടെ കടന്നുവരാന്‍ കഴിയില്ല. നിരവധി ഓഫീസുകളും ആരാധാനാലയങ്ങളുമുള്ള ജനസാന്ദ്രതയേറിയ മേഖല കൂടിയാണിത്. അതുകൊണ്ട് അടിപ്പാതയുടെ ഉയരം മൂന്നു മീറ്ററെങ്കിലും ആക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ബസും ലോറിയും ഒഴികെയുള്ള വലിയ വാഹനങ്ങള്‍ക്ക് പോലും മൂന്നു മീറ്റര്‍ ഉയരം ആക്കിയാല്‍ കടന്നുപോകാന്‍ കഴിയില്ല. മിനി സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ കടന്നുപോകാന്‍ കഴിയുന്ന വിധത്തില്‍ അടിപ്പാതയുടെ ഉയരം ക്രമീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഈ ആവശ്യമുന്നയിച്ച് ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരപരിപാടികള്‍ നടക്കുകയാണ്. ഈമാസം തുടങ്ങാനിരുന്ന അടിപ്പാത നിര്‍മാണം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം വാര്‍ഡ് കൗണ്‍സിലര്‍മാരായ മജീദ് കൊല്ലമ്പാടിയുടെയും പി. രമേശിന്റെയും സൈനുദ്ദീന്റെയും നേതൃത്വത്തിലാണ് നാട്ടുകാര്‍ പണി തടഞ്ഞത്. നിലവില്‍ സര്‍വീസ് റോഡുകളുടെ നിര്‍മാണ പ്രവൃത്തിയാണ് നടന്നുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്തെയും കണ്ണൂരിലെ റീജ്യണല്‍ ഓഫീസുകളില്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ നടപടിക്കായി സമീപിച്ചെങ്കിലും കേന്ദ്ര മന്ത്രാലയത്തില്‍ നിന്ന് ഉത്തരവുണ്ടാകാതെ ആ രീതിയില്‍ നിര്‍മാണം നടത്താനാവില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

നുള്ളിപ്പാടി ദേശീയപാതയില്‍ അടിപ്പാത നിര്‍മാണം ആവശ്യപ്പെട്ട് തദ്ദേശവാസികളും വ്യാപാരികളും ഉള്‍പ്പെടെ നിവേദനം നല്‍കിയിട്ടുണ്ട്. അടുക്കത്ത്ബയല്‍ ഗവ. സ്‌കൂളിനു സമീപം അടിപ്പാത നിര്‍മാണം പൂര്‍ത്തിയായി ചെറുവാഹനങ്ങള്‍ക്കു ഗതാഗതത്തിനു തുറന്നുകൊടുത്തിട്ടുണ്ട്. ചെറുവാഹനങ്ങള്‍ കടന്നുപോകുന്നതിനു വേണ്ടിയുള്ള അണ്ടര്‍ പാസേജാണ് നിലവില്‍ അണങ്കൂരില്‍ അനുമതിയുള്ളത്. വിദ്യാനഗര്‍ ഗവ. കോളജ് കഴിഞ്ഞ് വിദ്യാനഗര്‍ ഉളിയത്തടുക്ക റോഡ് ജംഗ്ഷനില്‍ 5.5 മീറ്റര്‍ ഉയരവും 24 മീറ്റര്‍ വീതിയിലും അടിപ്പാത നിര്‍മിക്കുന്നുണ്ട്. വിദ്യാനഗര്‍ ബിസി റോഡില്‍ അടിപ്പാത നേരത്തെ പണി പൂര്‍ത്തിയായി വാഹന ഗതാഗതത്തിനു തുറന്നുകൊടുത്തിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad