Type Here to Get Search Results !

Bottom Ad

കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; മൂന്നാറില്‍ ഹര്‍ത്താല്‍


കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് മൂന്നാർ കെഡിഎച്ച് വില്ലേജ് പരിധിയില്‍ എല്‍ഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. കോണ്‍ഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മൂന്നാർ കന്നിമല എസ്റ്റേറ്റ് സ്വദേശിയും ഓട്ടോറിക്ഷ തൊഴിലാളിയുമായ മണിയെന്ന് വിളിക്കുന്ന സുരേഷ് കുമാറിന്റെ പോസ്റ്റ്‍മോർട്ടം ഇന്ന് നടക്കും.

ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കന്നിമല എസ്‌റേററ്റ് ഫാക്ടറിയില്‍ ജോലി കഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു ആക്രമണം. ഓട്ടോയെ കുത്തി മറിച്ചിട്ട ഒറ്റയാന്‍ ഓട്ടോയില്‍ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യില്‍ ചുഴറ്റിയെടുത്ത് എറിയുകയായിരുന്നു. മണിയുടെ തലയ്ക്ക് ഗുരുതര പരുക്കേല്‍ക്കുകയും തല്‍ക്ഷണം മരണം സംഭവിക്കുകയുമായിരുന്നു.

കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റവർ ടാറ്റ ടീ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മണിയെ കൂടാതെ ഓട്ടോയിൽ ഉണ്ടായിരുന്ന നാല് പേർക്കാണ് പരിക്കേറ്റത്. യാത്രക്കാരില്‍ എസക്കി രാജ (45) റെജിനാ (39) എന്നിവരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ജനുവരി 23 ന് ഗുണ്ടുമല എസ്റ്റേറ്റില്‍ തമിഴ്‌നാട് സ്വദേശിയെ ചവിട്ടി കൊന്ന ആന തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad