ആലുവ: ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്ന് യാത്രചെയ്ത വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. കാലുകള്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിനിടയില്‍ കുടുങ്ങിയാണ് ആലുവ തൈക്കാട്ടുകര സ്വദേശികളായ ഫര്‍ഹാന്‍ (18), സമീം (21) എന്നിവര്‍ക്ക് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയ്ക്ക് ഒല്ലൂര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം.
പഴനിയില്‍ നിന്ന് മധുര- തിരുവനന്തപുരം അമൃത എക്‌സ്പ്രസില്‍ ആലുവയിലേക്ക് യാത്രചെയ്യുകയായിരുന്നു ഇരുവരും. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറിയ ഇവര്‍ തുടക്കം മുതലേ ചവിട്ടുപടിയിലിരുന്നാണ് യാത്ര ചെയ്തത്. ട്രെയിന്‍ ഒല്ലൂരിലെത്തിയപ്പോള്‍ പ്ലാറ്റ്‌ഫോം തുടങ്ങുന്നിടത്തു വെച്ച് കാലുകള്‍ പ്ലാറ്റ്ഫോമില്‍ ഉരസി മുറിവേറ്റു. സ്റ്റോപ്പ് ഇല്ലെങ്കിലും ഏതാനും മിനിറ്റ് നേരത്തേക്ക് ട്രെയിന്‍ ഒല്ലൂരില്‍ നിര്‍ത്തി.
ഈ സമയത്ത് ഇരുവരും പുറത്തിറങ്ങി സമീപത്തെ റെയില്‍വേഗേറ്റിനടുത്തേക്ക് നടന്നു. സ്റ്റേഷന്‍മാസ്റ്റര്‍ പരിക്കേറ്റ ഇവരെ കാണുകയും ആംബുലന്‍സില്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഇവരുടെ പാദങ്ങള്‍ക്കും വിരലുകള്‍ക്കുമാണ് പരിക്കേറ്റിരിക്കുന്നത്. ഇവര്‍ പിന്നീട് കൊച്ചി സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ചികിത്സതേടി.
Post a Comment
0 Comments