Type Here to Get Search Results !

Bottom Ad

സമസ്ത നൂറാം വാര്‍ഷികം; പതാക വാഹകജാഥ മാലിക് ദിനാറില്‍ നിന്ന് പുറപ്പെട്ടു


കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക ഉദ്ഘാടനം 28ന് ബാംഗ്ലൂര്‍ പാലസ് ഗ്രൗണ്ടില്‍ നടക്കും. 2016ല്‍ ആലപ്പുഴയില്‍ നടന്ന സമസ്ത 90-ാം വാര്‍ഷിക മഹാസമ്മേളനത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ 2026 ഫെബ്രുവരിയില്‍ നൂറാം വാര്‍ഷിക സമ്മേളന പ്രഖ്യാപനം നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. രണ്ടുവര്‍ഷം നീണ്ടുനില്‍ക്കുന്ന നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ക്കാണ് ബാംഗ്ലൂരില്‍ തുടക്കമാകുക.

28ന് രാവിലെ 9 മണിക്ക് ബാംഗ്ലൂര്‍ മജസ്റ്റിക് തവക്കല്‍ മസ്താന്‍ ദര്‍ഗ സിയാറത്തിന് ശേഷം 10 മണിക്ക് പാലസ് ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തും. വൈകിട്ട് അഞ്ചുമണിക്ക് ആഘോഷങ്ങളുടെ ഉദ്ഘാടനം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍വഹിക്കും സമസ്ത പ്രസിഡന്റ്് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിക്കലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ മുഖ്യാതിഥിയാകും. കര്‍ണാടക മന്ത്രിമാരും കേരള- കര്‍ണാടക എംഎല്‍എമാരും ഉദ്ഘാടന സമ്മേളനത്തില്‍ അതിഥികളായി സംബന്ധിക്കും.

സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക വാഹകജാഥ ഇന്ന് സുബഹി നിസ്‌കാരാനന്തരം മാലിക് ദിനാര്‍ മഖാം സിയാറത്തോടുകൂടി ആരംഭിച്ചു. മഖാം സിയാറത്തിന് സമസ്ത ദക്ഷിണ കന്നട ജില്ലാ പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ,സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ അബ്ദുല്ല ഫൈസി കൊടക്,തോടാര്‍ ഉസ്മാന്‍ ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി. സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലയിലെ തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു.

തുടര്‍ന്ന് ജാഥ നായകന്‍ സമസ്ത കേന്ദ്ര മുശാവറാംഗം ബികെ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമിക്ക് പതാക കൈമാറി കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ യു.എം അബ്ദുറഹ്്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ചെങ്കള അബ്ദുല്ല ഫൈസി, ട്രഷറര്‍ കെ ടി. അബ്ദുല്ല ഫൈസി പടന്ന, ജംഇയ്യത്തുല്‍ ഖുതുബ ജില്ലാ പ്രസിഡന്റ്് അബ്ദുല്‍ മജീദ് ബാഖവി തളങ്കര, മജ്‌ലിസുന്നൂര്‍ ജില്ലാ അമീര്‍ സയ്യിദ് ഹാദി തങ്ങള്‍ സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad