കൊല്ലം നിലമേലില്‍ റോട്ടിലിറങ്ങി ആറാടുകയായിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ താന്‍ വിചാരിച്ചയിടത്ത് കാര്യങ്ങള്‍ കൊണ്ടെത്തിച്ചതിന്റെ ആവേശത്തിലായിരിക്കും. അങ്ങ് മിഠായിത്തെരുവില്‍ അലുവ കഴിച്ചുണ്ടാക്കിയ മൈലേജ് നയപ്രസംഗത്തില്‍ തീര്‍ന്നതോടെ പുതിയതെന്തെന്ന് നോക്കി നടന്ന ഗവര്‍ണര്‍ക്ക് മുന്നില്‍ വീണ്ടും കരിങ്കൊടിയായെത്തി പ്രതിഷേധിക്കുന്ന എസ്എഫ്‌ഐക്കാരെ വീണുകിട്ടി. പിന്നീടങ്ങോട്ട് ആരേയും അമ്പരപ്പിക്കുന്ന ഷോ ഓഫിനാണ് കൊല്ലത്തെ നിലമേല്‍ വേദിയായത്. ബാന്നര്‍ കണ്ട് എസ്എഫ്‌ഐ സമരക്കാര്‍ക്ക് നേര്‍ക്ക് ഓടിയടുത്ത ഗവര്‍ണറെ എങ്ങനെ അനുനയിപ്പിക്കുമെന്ന് അറിയാതെ പൊലീസ് വെള്ളം കുടിച്ചു. കുത്തിയിരുന്നു പൊട്ടിത്തെറിച്ച് സമരക്കാര്‍ക്കും പൊലീസിനും നേരെ അലറിയും ഗവര്‍ണര്‍ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പുത്തന്‍ കാഴ്ചകള്‍ക്കാണ് അവസരമുണ്ടാക്കിയത്.
എസ്എഫ്‌ഐക്കാരെ തൂക്കി അകത്തിട്ട് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രേഖപ്പെടുത്തിയിട്ടല്ലാതെ കുത്തിയിരിപ്പ് സമരം അവസാനിപ്പിക്കില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിടത്ത് കാര്യമെത്തിക്കാനായി അമിത് ഷായെ വിളിക്കുന്നു പ്രധാനമന്ത്രിയെ വിളിക്കുന്നു. ഒടുവില്‍ സിആര്‍പിഎഫിനെ ഇറക്കി ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം വരെയെത്തുന്നു.
കേരളത്തിലെ നിരത്തുകളില്‍ കഴിഞ്ഞ കുറച്ചു നാളുകളായി തുടരുന്ന ഗവര്‍ണര്‍- എസ്എഫിഐ പോരാട്ടത്തിനൊടുക്കം പിണറായി വിജയന്റെ കേരള പൊലീസ് തനിക്ക് സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കാണിച്ച് കേന്ദ്രത്തെ സുരക്ഷാ ചുമതല ഏല്‍പ്പിക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് റോഡരികിലിരുന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതിഷേധിച്ച സംഭവത്തിനു പിന്നാലെ ഗവര്‍ണര്‍ക്ക് സിആര്‍പിഎഫ് കമാന്‍ഡോകളുടെ സെഡ് പ്ലസ് സുരക്ഷ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്ഭവനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യമറിയിച്ചതോടെ നയപ്രസംഗത്തിലെ വരികള്‍ വായിക്കാതെ നിശബ്ദനായ ഗവര്‍ണര്‍ തന്റെ സാന്നിധ്യം നിയമസഭയ്ക്ക് വെളിയില്‍ ശക്തമായി അറിയിച്ചിരിക്കുകയാണ്.
എസ്എഫ്‌ഐ പിള്ളേരുടെ കരിങ്കൊടിയും ബാന്നറും കണ്ട് ഹാലിളകുന്ന ആരിഫ് മുഹമ്മദ് ഖാന് കേരള പൊലീസിനോട് പറഞ്ഞതു പോലെ യൂ ആര്‍ പ്രൊട്ടക്ടിങ് ദെം എന്ന് ഇനി പറയില്ലായിരിക്കും. കാരണം സെഡ് പ്ലസ് സുരക്ഷയാകുന്നതോടെ 55 അംഗ സുരക്ഷാ സേനയ്ക്കാകും ഗവര്‍ണറുടെ സുരക്ഷാ ചുമതല. ഇതില്‍ പത്തിലേറെ കമാന്‍ഡോകള്‍ ഉണ്ടാവും. അഞ്ചിലേറെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ വാഹനവ്യൂഹവും ഗവര്‍ണര്‍ക്ക് അകമ്പടി സേവിച്ചു കൊണ്ട് കേരളത്തിലെ നിരത്തില്‍ റോന്ത് ചുറ്റും.
സംഘി ഗവര്‍ണര്‍ ഗോ ബാക്ക് എന്ന് തൊണ്ട പൊട്ടി വിളിക്കുന്ന എസ്എഫ്‌ഐക്കാരെ പിടിച്ചു അകത്താകാതെ ഒരടി നീങ്ങില്ലെന്ന് ഉറച്ച് രാവിലെ 10.45 മുതല്‍ ഒന്നര മണിക്കൂറിലേറെ നിലമേലില്‍ വലിയൊരും സീന്‍ ക്രിയേറ്റ് ചെയ്തതോടെ ഗവര്‍ണര്‍ ഉദ്ദേശിച്ചതു നടന്നു. ക്രമസമാധാനത്തില്‍ കേരള പൊലീസ് ഒരു പരാജയമാണെന്ന് അങ്ങ് കേന്ദ്രത്തെ അറിയിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ ദിവസക്കൂലിക്കാരാണ് റോഡില്‍ ഇറങ്ങിയ പിള്ളേരെന്നും ഗവര്‍ണര്‍ ആര്‍ത്തട്ടഹസിച്ചു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് നിയമലംഘനത്തിന് ചൂട്ടുപിടിക്കുന്നതെന്ന് പറഞ്ഞു കേരളം ആകെ പ്രശ്‌നത്തിലാണെന്ന് ഉത്തരേന്ത്യയെ അറിയിക്കാന്‍ വേണ്ടുന്നതിനുള്ള കാര്യനിര്‍വ്വഹണം ആരിഫ് മുഹമ്മദ് ഖാന്‍ കൃത്യമായി നടത്തി.
സംയമനത്തോടെ കാര്യങ്ങള്‍ നേരിടുന്നതില്‍ എസ്എഫ്‌ഐയ്ക്ക് പിഴച്ചാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനപ്പുറം കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു അടിയന്തരാവസ്ഥ കാലമായിരിക്കും. വാഹനത്തില്‍ തിരിച്ചുകയറാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍ ഏറെനേരമായി റോഡിനു സമീപത്തെ ചായക്കടയുടെ മുന്നിലിരുന്ന് പ്രതിഷേധിച്ചത് ഒരു കല്ലോ ചെരുപ്പോ എങ്കിലും കിട്ടിയാല്‍ സുവര്‍ണാവസരമാക്കാമെന്ന് കരുതിയാണ്. ഇത് തീക്കളിയാണെന്നും സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉടനടി പ്രതികരിച്ചത് ഇന്നത്തെ കലാപരിപാടികള്‍ പ്രതീക്ഷിച്ചത് കൊണ്ടുതന്നെയാണ്. ഗവര്‍ണറെ അപായപ്പെടുത്താന്‍ അടക്കം സാഹചര്യം ഒരുക്കി. അത് മുഖ്യമന്ത്രി അറിയാതെ നടക്കില്ലല്ലോ എന്ന മുരളീധരന്റെ ചോദ്യം മുനവെച്ചാണെന്നതില്‍ തര്‍ക്കമില്ല. പ്രകോപനമുണ്ടുണ്ടാക്കി വൈകാരികമായി സമരക്കാരെ സമീപിച്ച് ആരിഫ് മുഹമ്മദ് ഖാന്‍ ഉണ്ടാക്കുന്ന കുത്തിത്തിരിപ്പ് മനസിലാക്കാതെ എസ്എഫ്‌ഐ കളം നിറഞ്ഞാല്‍ കേരളത്തിലെ സമാധാന അന്തരീക്ഷത്തിന് മാത്രമല്ല കോട്ടമുണ്ടാവുക. ആരിഫ് മുഹമ്മദ് ഖാന്റെ സെഡ് പ്ലസ് സെക്യൂരിറ്റിക്കപ്പുറം ക്രമസമാധാന പാലനത്തിന് കേന്ദ്രസേനയെ വിളിക്കണമെന്ന് പറയുന്ന കേരള ബിജെപിക്കാരുടെ അജണ്ടയ്ക്ക് അറിയാതെ പോലും കുഴലൂത്തുകാരാവരുത് വിദ്യാര്‍ത്ഥി പ്രസ്ഥാനം. ഇവിടെ എല്ലാം തകരുന്നേ എന്ന് പറഞ്ഞു എല്ലാം കൈപ്പിടിയിലാക്കാന്‍ മടിക്കാത്തൊരു സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന ഓര്‍മ്മ വേണം. റോഡില്‍ പൊലീസിനപ്പുറം കേന്ദ്രസേന നിറയുന്ന ഒരു കേരളമാണ് പലരും വിഭാവനം ചെയ്യുന്നതെന്ന് ഈ പൊറാട്ടു നാടകങ്ങളില്‍ നിന്ന് വ്യക്തമാണ്.
Post a Comment
0 Comments