Type Here to Get Search Results !

Bottom Ad

സൗദിയില്‍ നിന്ന് ശേഖരിച്ച 38 ലക്ഷത്തിന്റെ ഹവാല പണവുമായി മഞ്ചേശ്വരം സ്വദേശി മുങ്ങി


മഞ്ചേശ്വരം: സൗദിയില്‍ നിന്ന് ശേഖരിച്ച 38 ലക്ഷം രൂപയുടെ ഹവാല പണവുമായി മഞ്ചേശ്വരം സ്വദേശി മുങ്ങി. സൗദിയിലെ കമ്പനിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി അടക്കമുള്ളവരെ കബളിപ്പിച്ചാണ് മഞ്ചേശ്വരം സ്വദേശി മുങ്ങിയത്. കോഴിക്കോട് സ്വദേശിയാണ് സൗദിയില്‍ നിന്ന് പലരില്‍ നിന്നുമായി ഹവാല പണം ശേഖരിക്കാന്‍ മഞ്ചേശ്വരം സ്വദേശിക്ക് നിര്‍ദ്ദേശം നല്‍കിയത്. 

മൂന്നാഴ്ച മുമ്പ് മഞ്ചേശ്വരം സ്വദേശി 38 ലക്ഷം രൂപ ശേഖരിച്ചുവെങ്കിലും കോഴിക്കോട് സ്വദേശിയെ ഏല്‍പ്പിക്കാതെ മുങ്ങുകയാണുണ്ടായത്. യാതൊരു വിവരവും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി സൗദി എയര്‍പോര്‍ട്ടില്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ മഞ്ചേശ്വരം സ്വദേശിയെക്കുറിച്ചുള്ള വിവരങ്ങള്‍ കോഴിക്കോട് സ്വദേശി എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് കൈമാറുകയും കണ്ടെത്തിയാല്‍ അറിയിക്കണമെന്ന് വ്യക്തമാക്കുകയും ചെയ്തു. 

രണ്ടാഴ്ച കഴിഞ്ഞ് മഞ്ചേശ്വരം സ്വദേശി സൗദിയില്‍ താമസിക്കുന്ന മുറിയിലെത്തുകയും താന്‍ കുറച്ച് കഷ്ടത്തിലായെന്നും ഇപ്പോള്‍ 15 ലക്ഷം രൂപയുണ്ടെന്നും ബാക്കി തുക ഒരുമാസത്തിനകം നല്‍കാമെന്നും കോഴിക്കോട് സ്വദേശിയെ അറിയിക്കുകയും ചെയ്തു. ഇതിന് സമ്മതിച്ചതോടെ 15 ലക്ഷം രൂപയുണ്ടെന്ന് പറഞ്ഞ് പ്ലാസ്റ്റിക് കവര്‍ നല്‍കി. ഉടന്‍ തന്നെ മഞ്ചേശ്വരം സ്വദേശി സ്ഥലം വിടുകയും ചെയ്തു. 15 മിനുട്ട് കഴിഞ്ഞ് പ്ലാസ്റ്റിക് കവര്‍ തുറന്നപ്പോള്‍ അതില്‍ ടിഷ്യു പേപ്പറുകള്‍ മാത്രമാണുണ്ടായിരുന്നത്. കബളിപ്പിക്കപ്പെട്ടെന്ന് വ്യക്തമായതോടെ കോഴിക്കോട് സ്വദേശി നാട്ടിലുള്ള സുഹൃത്തുക്കളെ വിവരമറിയിച്ചു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹൊസബെട്ടുവില്‍ താമസിക്കുന്ന ആളാണ് പണവുമായി മുങ്ങിയതെന്നാണ് കോഴിക്കോട് സ്വദേശിയുടെ സുഹൃത്തുക്കള്‍ക്ക് കിട്ടിയ വിവരം. ഇവര്‍ ഇക്കാര്യം മഞ്ചേശ്വരം പൊലീസിനെ അറിയിക്കുകയും ഹൊസബെട്ടു ഭാഗത്ത് അന്വേഷണം നടത്തുകയും ചെയ്തു. 

എന്നാല്‍ ഹൊസബെട്ടുവില്‍ അങ്ങനെ ഒരാള്‍ താമസിക്കുന്നില്ലെന്ന് കോഴിക്കോട്ട് നിന്നുള്ളവര്‍ക്ക് ബോധ്യപ്പെട്ടു. മഞ്ചേശ്വരം സ്വദേശി കോഴിക്കോട് സ്വദേശിക്ക് നല്‍കിയത് വ്യാജ വിലാസമായിരുന്നു. മഞ്ചേശ്വരത്തെ ഏതോ ഭാഗത്താണ് താമസമെന്നാണ് കരുതുന്നത്. എന്നാല്‍ എവിടെയാണെന്ന് ഇതുവരെ ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. മഞ്ചേശ്വരം പൊലീസിനോട് വിവരം പറഞ്ഞുവെന്നല്ലാതെ ഇതുസംബന്ധിച്ച് പരാതിയൊന്നും നല്‍കിയിട്ടില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad