കാസര്‍കോട്: ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടുചേര്‍ക്കല്‍ നടപടികള്‍ ജില്ലയിലെ മുസ്്ലിം ലീഗ് കേന്ദ്രങ്ങളില്‍ മന്ദഗതിയില്‍. വോട്ടുചേര്‍ക്കുന്നതിനുള്ള അവസാന തീയതി രണ്ടുദിവസത്തിനകം അവസാനിരിക്കാനിരിക്കുന്ന സാഹചര്യത്തിലും ലീഗ് കേന്ദ്രങ്ങളില്‍ കാര്യമായ വോട്ടുചേര്‍ക്കല്‍ നടന്നിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഡിസംബര്‍ ഒമ്പതിന് അവസാനിക്കേണ്ടിയിരുന്ന തിയതി പത്തുദിവസം വീണ്ടും നീട്ടിയതെന്നിരിക്കെ ഇനിയൊരു അവസരമുണ്ടാക്കില്ല. എന്നിട്ടും ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും വോട്ടുചേര്‍ക്കാന്‍ വിമുഖത കാട്ടുകയാണ് നേതൃത്വമെന്നാണ് ആക്ഷേപം.
ബൂത്തുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പ് ചെയ്ത് വോട്ടുചേര്‍ക്കല്‍ പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന്റെ ആഹ്വാനമുണ്ടെങ്കിലും വോട്ടുചേര്‍ക്കുന്ന കാര്യത്തില്‍ ജില്ലയിലെ നേതാക്കളുടെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നതാണ് നിലവിലെ മന്ദഗതി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലങ്ങളിലൊക്കെ ജില്ലയില്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ച് വോട്ടുചേര്‍ക്കല്‍ പ്രക്രിയ ശക്തമായി നടന്നിരുന്നു. എന്നാല്‍ ഇക്കുറി സമയം തീരാറായിട്ടും അനക്കം കുറവാണെന്നാണ് വിലയിരുത്തല്‍.
ബിജെപിയുമായി ശക്തമായ മത്സരം നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ വോട്ടുചേര്‍ക്കലില്‍ വളരെ പിന്നിലാണ്. മറ്റു മണ്ഡലങ്ങളിലും കാര്യമായി നടന്നിട്ടില്ല. രണ്ടുദിവസം മാത്രം ബാക്കിയിരിക്കെ ഇനിയും നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് യുഡിഎഫിന് പ്രതിസന്ധി തീര്‍ക്കുമെന്നാണ് വിലയിരുത്തല്‍.
Post a Comment
0 Comments