ദുബായ് (www.evisionnews.in): ദുബായില്‍ മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിന് പിന്നില്‍ മൂന്ന് പാകിസ്ഥാന്‍ പൗരന്മാര്‍ അറസ്റ്റില്‍. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി അനില്‍ വിന്‍സെന്റിനെയാണ് ഒപ്പം ജോലി ചെയ്തിരുന്നവര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടത്.
ദുബായിലെ ട്രേഡിംഗ് കമ്പനിയില്‍ പിആര്‍ഒ ആയി ജോലി നോക്കിയിരുന്ന അനിലിനെ ജനുവരി 2ന് കാണാതാകുകയായിരുന്നു. ഒപ്പം ജോലി ചെയ്യുന്ന അനിലിന്റെ സഹോദരന്‍ പ്രകാശിന്റെ നിര്‍ദ്ദേശപ്രകാരം സ്റ്റോക്ക് പരിശോധനയ്ക്ക് പാകിസ്ഥാന്‍ പൗരനൊപ്പം പോയ അനിലിനെ പിന്നീട് കാണാതായി. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
അനിലിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളിലൊരാള്‍ സജീവ സാന്നിധ്യമായിരുന്നു. അന്വേഷണം തന്നിലേക്ക് നീങ്ങുന്നുവെന്ന് മനസിലാക്കിയ പ്രതി ഒളിവില്‍ പോയെങ്കിലും പൊലീസ് പിടികൂടി. എന്നാല്‍ മൃതദേഹം കുഴിച്ചിടാന്‍ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവര്‍ പാകിസ്ഥാനിലേക്ക് കടന്നുകളഞ്ഞു.
നിലവില്‍ കേസില്‍ രണ്ട് പ്രതികള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. തൊഴില്‍ സംബന്ധമായ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അനിലിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.
Post a Comment
0 Comments