Type Here to Get Search Results !

Bottom Ad

ഒരേ വിശ്വാസ പാതയിലുള്ളവര്‍ പരസ്പരം അനാവശ്യ വിമര്‍ശനങ്ങളും വാഗ്വാദങ്ങളും നടത്തുന്നത് അനുചിതം; കാന്തപുരം


കാസര്‍കോട്: മതേതര ജനാധിപത്യ രാഷ്ട്രത്തിന്റെ നിലനില്‍പ്പിനും പുരോഗതിക്കും സഹായകമാകുന്ന വിധത്തില്‍ ഇന്ത്യയിലെ മുസ്്‌ലിം സാമുദായിക അസ്തിത്വം സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികള്‍ക്ക് രൂപംനല്‍കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതൃത്വം നല്‍കുമെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. ഇതിനായി വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക സുന്നീ സംഘടനകളുമായി ചേര്‍ന്നുള്ള യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സമസ്തയും ഓള്‍ ഇന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമയും തുടക്കം കുറിച്ചിട്ടുണ്ട്. സമസ്ത (എ.പി വിഭാഗം) നൂറാം വാര്‍ഷിക ആഘോഷങ്ങളുടെ പ്രഖ്യാപനം കാസര്‍കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമസ്തയുടെ നിലപാടുകളും തീരുമാനങ്ങളും സമൂഹത്തില്‍ പൊതുവായും സമുദായത്തില്‍ സവിശേഷമായും വലിയ സ്വാധീനം ഉണ്ടാക്കിയത് ചരിത്രത്തിന്റെ ഭാഗമാണ്. ഇസ്ലാമിന്റെ വിശ്വാസ പ്രമാണങ്ങളെ വികലമാക്കി അവതരിപ്പിച്ച സലഫി-ജമാഅത്തെ ഇസ്ലാമി പ്രസ്ഥാനങ്ങളെ മുന്‍കാലത്തെന്ന പോലെ ഇനിയും ശക്തമായിത്തന്നെ പ്രതിരോധിക്കും. ആദര്‍ശപരമായി അഹ്ലുസ്സുന്നയുടെ വിശ്വാസമായ തൗഹീദാണ് സമസ്ത പ്രചരിപ്പിക്കുന്നത്. മുസ്ലിം സമുദായത്തെ അഭ്യന്തര ഛിദ്രതകളില്‍ നിന്ന് സംരക്ഷിക്കുക,സമൂഹത്തിലെ തീവ്രവാദ- വര്‍ഗീയ പ്രവണതകളെ ചെറുക്കുക എന്നിവ സമസ്തയുടെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ പെടുന്നവയാണ്. ഇതിനു വേണ്ടി സമസ്ത നടത്തിയ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ മുസ്ലിം സമുദായത്തിന്റെ ശാക്തീകരണത്തിന് വഴിയൊരുക്കിയത്. സാമൂഹിക വികസന സൂചികകളില്‍ ഉയര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കുന്നതിന് കേരളത്തെ പ്രാപ്തമാക്കുന്നതില്‍ മുസ്ലിം സമുദായം നേടിയ ഈ മുന്നേറ്റം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

സമസ്തയെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് പിറകെ പോയിരുന്നെങ്കില്‍ ഇക്കാണുന്ന നേട്ടങ്ങളൊന്നും കേരളീയ സമൂഹത്തിനോ രാജ്യത്തെ മറ്റു മേഖലകളിലെ ജനങ്ങള്‍ക്കോ ഉണ്ടാകില്ലായിരുന്നു. തര്‍ക്കങ്ങളും വാഗ്വാദങ്ങളുമല്ല സമസ്തയുടെ പ്രവര്‍ത്തന രീതി. ഒരേ വിശ്വാസപാതയിലുള്ളവര്‍ പരസ്പരം അനാവശ്യ വിമര്‍ശനങ്ങളും വാഗ്വാദങ്ങളും നടത്തുന്നത് ഉചിതമാണോ എന്നു എല്ലാവരും ആലോചിക്കണം. ഞങ്ങള്‍ എന്നും സുന്നികളുടെ ഐക്യത്തിന് ആഗ്രഹിക്കുന്നവരാണ്. സമസ്തയുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ നിന്നുകൊണ്ട് അതിനായി തുടര്‍ന്നും പ്രവര്‍ത്തിക്കും. ജന്മനാടിന് വേണ്ടിയും മസ്ജിദുല്‍ അഖ്സയുടെ സംരക്ഷണത്തിനായും പൊരുതുന്ന ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതോടൊപ്പം അവര്‍ക്കുവേണ്ടി ഈസമ്മേളനം പ്രാര്‍ഥിക്കുകയും ചെയ്യുന്നു- കാന്തപുരം പറഞ്ഞു.

ചട്ടഞ്ചാല്‍ മാലിക് ദീനാര്‍ നഗറില്‍ സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെയാണ് പ്രഖ്യാപന സമ്മേളനത്തിന് തുടക്കമായത്. സമസ്ത (എ.പി വിഭാഗം) പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ആമുഖപ്രഭാഷണം നടത്തി. സെക്രട്ടിമാരായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, വൈസ് പ്രസിഡന്റ് റഹ്മത്തുല്ല സഖാഫി എളമരം, കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി സുലൈമാന്‍ സഖാഫി മാളിയേക്കല്‍ വിവിധ പ്രമേയങ്ങളില്‍ പ്രഭാഷണം നടത്തി. കേന്ദ്ര മുശാവറ അംഗം സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. കേന്ദ്ര മുശാവറ അംഗം വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad