കാഞ്ഞങ്ങാട്: മീന്‍പിടുത്തത്തിനിടെ ബോട്ടില്‍ നിന്ന് കടലില്‍ വീണ് കാണാതായ മല്‍സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പശ്ചിമബംഗാള്‍ സ്വദേശി ജയ്‌ദേവ് ഗിരി(54)യുടെ മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ മീനാപ്പീസ് കടപ്പുറത്ത് നിന്നും നാല് നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറുമാറി കടലില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി മീനാപ്പീസ് കടപ്പുറത്തുനിന്ന് രണ്ട് കിലോമീറ്റര്‍ പടിഞ്ഞാറ് മാറി ജയ്‌ദേവ് ബോട്ടില്‍ മീന്‍പിടുത്തത്തിലേര്‍പ്പെടുന്നതിനിടെ അബദ്ധത്തില്‍ കടലില്‍ വീഴുകയായിരുന്നു. കടലില്‍ കാണാതായ ജയ്‌ദേവിനെ കണ്ടെത്താന്‍ തീരദേശ പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും അഴിത്തല മുതല്‍ ബേക്കല്‍ കോട്ടവരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.
രാവിലെ തിരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി മല്‍സ്യബന്ധനത്തിനിടെ വയറുവേദന അനുഭവപ്പെടുന്നതായി ജയ്ദേവ് ഗിരി ഒപ്പമുണ്ടായിരുന്നവരോട് പറഞ്ഞിരുന്നു. പ്രാഥമികകൃത്യം നിര്‍വഹിക്കാനെന്ന് പറഞ്ഞ് ബോട്ടില്‍ നിന്നും മറ്റുള്ളവരുടെ അടുത്ത് നിന്നും മാറുകയും ചെയ്തു. കുറച്ച് സമയത്തിന് ശേഷം കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കടലില്‍ വീണ് കാണാതായതായി വ്യക്തമായത്. നീലേശ്വരം കൊയാമ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബോട്ടില്‍ മടക്കരയില്‍ നിന്നാണ് ജയ്ദേവ് ഗിരി ഉള്‍പ്പെടെയുള്ളവര്‍ മല്‍സ്യബന്ധനത്തിന് പോയത്. കാണാതാകുന്നതിന് മൂന്ന് ദിവസം മുമ്പാണ് ജയ്ദേവ് ബോട്ടില്‍ ജോലിക്കെത്തിയത്. മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Post a Comment
0 Comments