Type Here to Get Search Results !

Bottom Ad

പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ കേസെടുത്ത് കോടതി


കാസര്‍കോട്: പൊലീസ് പിന്തുടര്‍ന്ന കാര്‍ മറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ മാതാവിന്റെ പരാതിയില്‍ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എസ്.ഐക്കും രണ്ടു പൊലീസുകാര്‍ക്കുമെതിരെ നരഹത്യയ്ക്ക് കേസെടുത്തു. അംഗഡിമൊഗര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി പേരാല്‍ കണ്ണൂരിലെ ഫറാസ് (17) മരിച്ച സംഭവത്തില്‍ മാതാവ് സഫിയ കോടതിയില്‍ ഫയല്‍ ചെയ്ത പരാതിയിലാണ് കേസെടുത്തത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തില്‍ കോടതി നേരിട്ടാണ് അന്വേഷണം. ആറു ദൃക്സാക്ഷികളോട് ജനവരി ആറിന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാതാവിന്റെ മൊഴി കോടതി നേരിട്ട് രേഖപ്പെടുത്തി. സി.ആര്‍പിസി 190. 200 വകുപ്പുകള്‍ പ്രകാരമാണ് കോടതിയെ സമീപച്ചത്

ഇക്കഴിഞ്ഞ ഓഗസ്റ്റ് 25നാണ് കേസിനാസ്പദമായ സംഭവം. ഓണാഘോഷത്തോടനുബന്ധിച്ച് സ്‌കൂളില്‍ നടന്ന ഓണാഘോഷ പരിപാടി കഴിഞ്ഞ് പള്ളിയിലേക്ക് പോകാനായി സുഹൃത്തുക്കളോടൊപ്പം കാറില്‍ ഇരിക്കുമ്പോള്‍ കുമ്പള എസ്.ഐയും സംഘവും എത്തി കാറിന്റെ ഡോറില്‍ ഇടിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കാര്‍ ഓടിച്ച് പോകുകയായിരുന്നു. പിന്നാലെ പൊലീസ് ജീപ്പ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞാണ് ഫറാസ് മരിച്ചത്.

ഗുരുതര നിലയില്‍ മംഗളൂരു ആശുപത്രിയിലായിരുന്ന ഫറാസ് ഓഗസ്റ്റ് 29ന് മരണത്തിനു കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ പൊലീസിനെതിരെ നടപടിയാവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കിയിരുന്നു. പരാതികള്‍ മാറിമാറി നല്‍കിയിട്ടും കുറ്റാരോപിതരായ പൊലീസുകാര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതുസംബന്ധിച്ച് എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്നും എ.കെ.എം അഷ്റഫും കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് മുസ്്ലിം ലീഗ് നിരന്തരം സമര- നിയമ പോരാട്ടങ്ങള്‍ക്കും നേതൃത്വം നല്‍കി.

കഴിഞ്ഞ ദിവസമാണ് മാതാവ് കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ കോടതി നേരിട്ട് മൊഴി രേഖപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസുകാരുടെ ഭാഗത്ത് പ്രഥമദൃഷ്്ടായ വീഴ്ച കണ്ടെത്തുകയും സാക്ഷിവിസ്താരത്തിനായി കേസ് ജനുവരി ആറിനു പരിഗണിക്കാനും കോടതി ഉത്തരവിട്ടു. വാദിഭാഗത്തിനു വേണ്ടി അഡ്വ. സജല്‍ ഇബ്രാഹിം, അഡ്വ. ജുനൈദ്, അഡ്വ. അജാസ് സലീം എന്നിവര്‍ ഹാജരായി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad