Type Here to Get Search Results !

Bottom Ad

തലസ്ഥാനത്ത് ഇന്നും സംഘര്‍ഷം; കെഎസ്യു പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയും ജലപീരങ്കി പ്രയോഗിച്ചും പൊലീസ്, മാത്യു കുഴല്‍നാടനുള്‍പ്പെടെ പരിക്ക്


തിരുവനന്തപുരം (www.evisionnews.in): ഡിജിപി ഓഫീസിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പൊലീസ് ലാത്തിചാര്‍ജും നടത്തി. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മാര്‍ച്ചിനിടെ നവകേരള സദസിന്റെ പ്രചരണ ബോര്‍ഡുകളും പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.


പ്രവര്‍ത്തകര്‍ പൊലീസിനുനേരെ മുളകുപൊടി പ്രയോഗിച്ചു. പ്രതിഷേധം തുടരുന്നതിനിടെ പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റു. നിലത്തുവീണ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ചാണ് പൊലീസ് വാഹനത്തിലേക്ക് കൊണ്ടുപോയത്. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.


പൊലീസ് നടപടിയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കും കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനും ഉള്‍പ്പെടെ പരിക്കേറ്റു. വനിത പ്രവര്‍ത്തകര്‍ക്കു നേരെയും പൊലീസ് ലാത്തിവീശി. പ്രതിഷേധത്തിനിടെ ചാനല്‍ ക്യാമറാമാനെയും പൊലീസ് ലാത്തിവീശി. ക്യാമറാമാനാണെന്ന് പറഞ്ഞിട്ടും പൊലീസ് അതിക്രമം തുടരുക ആയിരുന്നുവെന്നാണ് ആരോപണം.


നവകേരള സദസിനെതിരായ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകര്‍ക്കുനേരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്. പ്രകോപനമൊന്നുമില്ലാതെയാണ് പൊലീസ് ലാത്തിചാര്‍ജ് ആരംഭിച്ചതെന്ന് കെഎസ്യു പ്രവര്‍ത്തകര്‍ ആരോപിച്ചു. ഗുണ്ടകളെ പോലെയാണ് പൊലീസ് പെരുമാറിയതെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.


കെപിസിസി ഓഫിസില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കുന്നത് കൊട്ടേഷന്‍ സംഘമാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആരോപിച്ചു. സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്ന പൊലീസുകാര്‍ കാക്കി അഴിച്ചുവെച്ച് പുറത്തുപോകണം. തങ്ങള്‍ എല്ലാവരും തെരുവില്‍ അണിനിരക്കും. ഗവര്‍ണര്‍ പോയതുപോലെ അകമ്പടിയില്ലാതെ പിണറായി വിജയന് ഇറങ്ങി നടക്കാന്‍ കഴിയുമോയെന്നും കുഴല്‍നാടന്‍ വെല്ലുവിളിച്ചു. ഭാര്യാപിതാവിനെ ഒറ്റയ്ക്ക് വിടാന്‍ ധൈര്യമുണ്ടോ എന്ന് മന്ത്രി മുഹമ്മദ് റിയാസിനോടും കുഴല്‍നാടന്‍ വെല്ലുവിളി നടത്തി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad