തിരുവനന്തപുരം: എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ കോവിഡ് വ്യാപനം അതിവേഗമെന്ന് ആരോഗ്യ വകുപ്പ്. സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ്. ഈ ജില്ലകളില്‍ പ്രത്യേക ശ്രദ്ധ ചെലുത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. മതിയായ ആശുപത്രി സൗകര്യങ്ങള്‍, ആവശ്യത്തിന് ഐസൊലേഷന്‍, ഐസിയു ബെഡുകള്‍ ഉറപ്പാക്കാനും നിര്‍ദേശമുണ്ട്. കോവിഡ് മരണത്തില്‍ ആശങ്കവേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കേസിലുള്ള വര്‍ധനവ് നവംബര്‍ മാസത്തില്‍ തന്നെ കണ്ടിരുന്നു. അതനുസരിച്ച് മന്ത്രി തലത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നു. മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിരുന്നു. സ്റ്റേറ്റ് മെഡിക്കല്‍ ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സിലും നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന കൂടി നടത്താനും ജനിതക ശ്രേണീകരണത്തിന് വേണ്ടി സാമ്പിളുകള്‍ അയക്കാനും നിര്‍ദേശം നല്‍കിയിരുന്നു. മാത്രമല്ല ഈ മാസത്തില്‍ കോവിഡ് പരിശോധന കൂട്ടുകയും ചെയ്തു. സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. കൂടുതല്‍ സുരക്ഷാ ഉപകരണങ്ങളും പരിശോധനാ കിറ്റുകളും സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Post a Comment
0 Comments