പെര്‍ള: ആത്മഹത്യാകുറിപ്പ് എഴുതിവെച്ച ശേഷം കോളേജ് വിദ്യാര്‍ത്ഥി കിണറ്റില്‍ ചാടി മരിച്ചു. പെര്‍ള ബാഡൂര്‍ പജ്ജാനയിലെ സില്‍വര്‍ സ്റ്റാര്‍ ക്രാസ്റ്റയുടേയും നെറ്റാലിയ ഡിസൂസയുടേയും മകന്‍ ഐവന്‍ ക്രാസ്റ്റ (23)യാണ് മരിച്ചത്. ഐവന്‍ ക്രാസ്റ്റ തൊക്കോട്ട് കോളേജിലെ ബി.എസ്.സി വിദ്യാര്‍ഥിയാണ്.
ആറിന് രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്ന ഐവന്‍ ക്രാസ്റ്റയെ ഇന്നലെ രാവിലെ കിടപ്പുമുറിയില്‍ കണ്ടില്ല. ചില ദിവസങ്ങളില്‍ അതിരാവിലെ തന്നെ കോളേജില്‍ പോകാറുണ്ടായിരുന്നതിനാല്‍ ഐവന്‍ എവിടെ പോയെന്ന് വീട്ടുകാര്‍ അന്വേഷിച്ചിരുന്നില്ല. വൈകുന്നേരമായിട്ടും ഐവനെ കാണാതിരുന്നതോടെ വീട്ടുകാര്‍ അന്വേഷണമാരംഭിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് ഐവനെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പിന്നീട് നടത്തിയ പരിശോധനയില്‍ ഐവന്റെ ആത്മഹത്യാകുറിപ്പ് കണ്ടെത്തി. എന്റെ മരണത്തിന് ഞാന്‍ തന്നെയാണ് ഉത്തരവാദി, മറ്റാരുമല്ല എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. മരണകാരണം വ്യക്തമല്ല. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മല്‍വിന്‍ ക്രാസ്റ്റ ഏക സഹോദരനാണ്.
Post a Comment
0 Comments