കാസര്‍കോട്: യൂത്ത് ലീഗിന്റെ ജില്ലാ മാര്‍ച്ചുമായി ബന്ധപ്പെട്ട് ചെങ്കള റഹ്മാനിയ നഗറിലും ജില്ലയിലെ മറ്റിടങ്ങളിലും സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ പൊലീസ് നീക്കം ചെയ്തതായി ആരോപണം. നവകേരള സദസിന്റെ പശ്ചാത്തലത്തിലാണ് സംഭവമെന്നാണ് ആക്ഷേപം. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റാലി നടത്തി. ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായി മാറിയ നവകേരള സദസിന്റെ മറവില്‍ പൊലീസ് രാജ് നടപ്പിലാക്കുകയാണെന്ന് മുസ്്‌ലിം ലീഗ് ജില്ലാ ജെനറല്‍ സെക്രടറി എ. അബ്ദുറഹ്മാന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങള്‍ നാട് നീളെ പതിക്കുന്ന തിരക്കില്‍ മറ്റു സംഘടനകളുടെയും പരിപാടികളുടെയും പോസ്റ്റുകളും ബോര്‍ഡുകളും കാസര്‍കോടും പരിസര പ്രദേശങ്ങളിലും പൊലീസ് നീക്കം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാജാവും പരിവാരങ്ങളും എഴുന്നെള്ളുമ്പോള്‍ മറ്റാരും മുന്നില്‍ കാണാന്‍ പാടില്ലെന്ന രാജഭരണത്തെ അനുസ്മരിപ്പിക്കുന്ന നടപടികളാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. മുഖ്യമന്ത്രിക്ക് വഴിയൊരുക്കാന്‍ ഗതാഗതം സ്തംഭിപ്പിക്കുന്നതാണ് ഇതുവരെ കണ്ട് വന്നിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി വരുന്നത് പ്രമാണിച്ച് അടിയന്തിരാവസ്ഥ നടപ്പിലാക്കാനാണ് കാസര്‍കോട്ടെ പൊലീസ് ശ്രമിക്കുന്നത്. ജനാധിപത്യ സംവിധാനത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചുകൂടാ.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മാത്രമേ വഴി നടക്കാന്‍ പാടുള്ളൂ എന്ന അപകടകരമായ നിലപാട് പൊലീസ് തിരുത്തണം. എല്ലാ സംഘടനകള്‍ക്കും പരിപാടികളും പ്രചാരണങ്ങളും നടത്താന്‍ അവകാശമുണ്ട്. അത് ഹനിക്കുന്നത് ഗുരുതരമായ സാഹചര്യമുണ്ടാക്കും. മുസ്ലിം യൂത്ത് ലീഗിന്റെ യൂത്ത് മാര്‍ച്ചുമായി ബന്ധപ്പെട്ട് സ്ഥാപിച്ച പോസ്റ്റുകള്‍ നീക്കം ചെയ്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നു. പൊലീസിന്റെ തെറ്റായ നടപടികള്‍ മൂലമുണ്ടാകുന്ന മുഴുവന്‍ പ്രത്യാഘാതങ്ങള്‍ക്കും പൊലീസ് മാത്രമായിരിക്കും ഉത്തരവാദി എന്നും അബ്ദുല്‍ റഹ്്മാന്‍ പറഞ്ഞു.
Post a Comment
0 Comments